അഹമ്മദാബാദ് : കോഹ്‌ലിയിൽ നിന്നും ഇന്ത്യൻ നായകനായി മാറിയ രോഹിത് ശർമ്മയ്‌ക്ക് ആത്മവിശ്വാസമായി പരമ്പര നേട്ടം. 13 ഏകദിനങ്ങളിൽ ടീമിനെ നയിച്ച രോഹിത് 11ലും ജയം സ്വന്തമാക്കി. വെസ്റ്റിൻഡീസിനെതിരെ മൂന്ന് മത്സരങ്ങളുടേതായ ഏകദിന പരമ്പരയാണ് ഇന്ത്യ 3-0ന് സ്വന്തമാക്കിയത്. ഇന്ത്യയുടെ 265നെതിരെ വിൻഡീസ് 169 റൺസിന് പുറത്തായി. 96 റൺസിനാണ് ഇന്ത്യ മൂന്നാം ഏകദിനവും സ്വന്തമാക്കിയത്. മൂന്നിലുമായി മികച്ച ബൗളിംഗ് പ്രകടനത്തോടെ പ്രസിദ്ധ് കൃഷ്ണ പരമ്പരയിലെ താരമായി. ആദ്യമായിട്ടാണ് പ്രസിദ്ധ് ഒരു അന്താരാഷ്‌ട്രപരമ്പരയിൽ മികച്ച താരമായി മാറുന്നത്.
പരമ്പരയിൽ ഉടനീളം മുൻനിര തകരുന്ന കാഴ്ചയാണ് മൂന്നാം ഏകദിനത്തിലും ആവർത്തിക്കപ്പെട്ടത്. കൊറോണ മുക്തനായി എത്തിയ ശിഖർ ധാവാനും(10) നായകൻ രോഹിതും(13) പെട്ടന്ന് പുറത്തായി. ഏവരേയും നിരാശപ്പെടുത്തി കോഹ്ലി പൂജ്യത്തിന് പോയതോടെ ടീം 3ന് 42 എന്ന നിലയിലേക്കാണ് കൂപ്പുകുത്തിയത്. എന്നാൽ പതിവുപോലെ മദ്ധ്യനിരയുടെ മികവിൽ ഇന്ത്യ പൊരുതാവുന്ന സ്‌കോർ കണ്ടെത്തുകയായിരുന്നു. ശ്രേയസ്സ് അയ്യരും(80) ഋഷഭ് പന്തും(56) നേടിയ മികച്ച അർദ്ധ സെഞ്ച്വറികളാണ് ബലമായത്. വാലറ്റത്ത് വീണ്ടും ബാറ്റിംഗിൽ സ്ഥിരത കാണിച്ച വാഷിംഗ്ടൺ സുന്ദറും(33), ദീപക് ചഹറും(38) ഇന്ത്യയുടെ സ്‌കോർ 250 കടത്തി.
വിൻഡീസ് നിരയിൽ ജാസൺ ഹോൾഡർ നാലു വിക്കറ്റുകളും അൽസാരി ജോസഫും ഹെയ്ഡൻ വാൽഷും ഈരണ്ടു വിക്കറ്റുകളും വീഴ്‌ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കരീബിയൻ നിരയുടെ മുൻനിരയും മദ്ധ്യനിരയും 7ന് 82 എന്ന നിലയിലേക്കാണ് ഇന്ത്യൻ ബൗളിംഗിന് മുന്നിൽ തകർന്നത്. നായകൻ നിക്കോളാസ് പൂരനാണ്(34) അല്പമെങ്കിലും ചെറുത്തുനിന്നത്. വാലറ്റത്ത് അൽസാരി(29), ഒഡീൻ സ്മിത്(36) എന്നിവർ പൊരുതിയെങ്കിലും ടീം 169ൽ വീണു. മികച്ച രീതിയിൽ പന്തെറിഞ്ഞ പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റുകൾ വീതം വീഴ്‌ത്തി. ദീപക് ചാഹറും കുൽദീപ് യാദവും രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തി.
















Comments