കോഴിക്കോട് : ഹോട്ടലുടമ റോയി വയലാട്ടിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ. നമ്പർ 18 ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെ തന്നെയും മകളെയും റോയി ഉപദ്രവിച്ചെന്നു കോഴിക്കോട് സ്വദേശിനി പറഞ്ഞു. പതിനേഴുകാരിയായ മകളെ ബലമായി കയറിപ്പിടിച്ചെന്നും അമ്മ പരാതിയിൽ പറയുന്നു. പോക്‌സോ കേസ് ചുമത്തിയ പ്രതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
റോയിയുടെ കൂട്ടുപ്രതിയും ലഹരിക്കച്ചവടക്കാരനുമായ സൈജു തങ്കച്ചൻ, കൂട്ടാളി അഞ്ജലി എന്നിവരാണ് തങ്ങളെ കുടുക്കിയത് എന്നും പരാതിയുണ്ട്. ഫാഷൻ രംഗത്തു തൊഴിൽ വാഗ്ദാനം ചെയ്ത് അഞ്ജലിയാണ് പെൺകുട്ടിയെയും അമ്മയെയും കൊച്ചിയിലെത്തിച്ചത്. കോഴിക്കോട് സംരംഭകയായി അറിയപ്പെടുന്ന അഞ്ജലിയെ വിശ്വസിച്ച് 5 യുവതികൾ കൂടി കൊച്ചിയിലെത്തിയിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തന്ത്രപൂർവം അഞ്ജലിയും സൈജുവും ചേർന്നു നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നു. ഹോട്ടലിൽ വച്ചു റോയി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. തുടർന്ന് പെൺകുട്ടിയും അമ്മയും ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
മിസ് കേരള മുൻ ജേതാക്കളായ മോഡലുകളുടെ അപകട മരണക്കേസിലെ പ്രതിയാണ് റോയി വയലാട്ട്. അഞ്ജലിയെ അല്ലാതെ മറ്റാരെയും പെൺകുട്ടിക്ക് അന്ന് മനസ്സിലായിരുന്നില്ല. മോഡലുകൾ കൊല്ലപ്പെട്ട വാർത്തകളിലൂടെയാണ് റോയിയെയും സൈജുവിനെയും പെൺകുട്ടി തിരിച്ചറിഞ്ഞത്. തുടർന്ന് ഇവർ കോഴിക്കോട് പോലീസിൽ പരാതിപ്പെട്ടു. പിന്നീട് ജനുവരി 31നു കൊച്ചിയിലെത്തി പരാതി നൽകുകയായിരുന്നു.
















Comments