വിശാഖപട്ടണം: ഓപ്പറേഷൻ പരിവർത്തനയുടെ ഭാഗമായി പിടിച്ചെടുത്ത 500 കോടിയുടെ കഞ്ചാവ് നശിപ്പിച്ച് ആന്ധ്രപ്രദേശ് പോലീസ്. വിശാഖപട്ടണത്ത് അനകപ്പള്ളിക്ക് സമീപമുള്ള കൊഡുരു ഗ്രാമത്തിലാണ് പോലീസ് വൻ കഞ്ചാവ് നശീകരണം നടത്തിയത്. വടക്കൻ ആന്ധ്രയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കഴിഞ്ഞ ഒന്നര-രണ്ട് വർഷത്തിനിടെ പിടികൂടിയ രണ്ട് ലക്ഷം കിലോ കഞ്ചാവാണ് പോലീസ് നശിപ്പിച്ചത്.
കഞ്ചാവ് കൂനകൾ പ്രത്യേകമായി തിരിച്ചിട്ടതിന് ശേഷം തീയിട്ടാണ് നശിപ്പിച്ചത്. സംസ്ഥാന പോലീസ് മേധാവി ഡി.ഗൗതം സാവംഗിന്റെ നേതൃത്വത്തിലാണ് നശീകരണ ചടങ്ങുകൾ നടത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 31നാണ് ആന്ധ്ര പോലീസ് ഓപ്പറേഷൻ പരിവർത്തനയ്‌ക്ക് തുടക്കം കുറിച്ചത്. 8500ഓളം കഞ്ചാവ് ചെടികളും ഇതുവരെ നശിപ്പിച്ചിട്ടുണ്ട്.
ഓപ്പറേഷൻ പരിവർത്തനയുടെ ഭാഗമായി 1363 കേസുകളാണ് ഇതു വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1500 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇതിൽ 562 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
Comments