പാലക്കാട്: ചെറാട് രക്ഷാപ്രവർത്തനത്തിൽ പാലക്കാട് ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്. രക്ഷാ പ്രവർത്തനത്തിൽ ഗുരുതര വീഴ്‌ച്ച ഉണ്ടായെന്നാണ് വിലയിരുത്തൽ. യുവാവ് മലയിൽ കുടുങ്ങി കിടക്കുന്നത് യഥാസമയം മേലധികാരികളെ അറിയിച്ചില്ലെന്നാണ് കണ്ടെത്തൽ. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിലെ ഡയറക്ടർ ജനറലാണ് വിശദീകരണം ആവശ്യപ്പെട്ടത്. കൂർമ്പാച്ചിമലയിൽ ബാബു എന്ന വ്യക്തി കുടുങ്ങി കിടന്ന സംഭവത്തിൽ ജില്ലാ ഫയർ ഓഫീസർ സ്വീകരിച്ച നടപടി ഒരു തരത്തിലും അംഗീകരിക്കാവുന്നതല്ലെന്ന് നോട്ടീസിൽ പറയുന്നു.
വിലപ്പെട്ട ഒരു മനുഷ്യജീവൻ 43 മണിക്കൂറോളം പാറ ഇടുക്കിൽ കുടുങ്ങി ജീവനും ദാഹജലത്തിനുമായി കേണപേക്ഷിക്കുന്ന ദയനീയമായ കാഴ്ച മാദ്ധ്യമങ്ങളിലൂടെയാണ് ശ്രദ്ധിക്കുന്നത്. ഈ വിവരം യഥാസമയം സ്റ്റേറ്റ് കൺട്രോൾ റൂം, ഹെഡ്ക്വാർട്ടേഴ്‌സ്, ഡയറക്ടർ ജനറൽ, ഡയറക്ടർ ടെക്‌നിക്കൽ തുടങ്ങിയ മേലധികാരികളെ യഥാസമയം അറിയിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണ്.
ആവശ്യമായ ജീവനക്കാരെ സ്ഥലത്ത് യഥാസമയം വിനിയോഗിക്കാത്തതും, കൂടുതൽ രക്ഷാദൗത്യ മാർഗങ്ങൾ സ്വീകരിക്കാതിരുന്നതും ഗുരുതരവീഴ്ചയാണെന്നും നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തിൽ 48 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
















Comments