കാഞ്ഞങ്ങാട്: പെട്രോൾ കടം നൽകാത്തതിന് ഗുണ്ടാ സംഘം പെട്രോൾ പമ്പ് അടിച്ചു തകർത്തു. കാസർകോട് ഉളിയത്തടുക്കയിലാണ് സംഭവം. 50 രൂപയ്‌ക്ക് പെട്രോൾ കടം ചോദിച്ചത് കൊടുക്കാതിരുന്നതാണ് ഗുണ്ടാ സംഘത്തെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് 3 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഉളിയത്തടുക്ക- മധൂർ റോഡിന് സമീപമുള്ള എകെ സൺസ് പെട്രോൾ പമ്പിലാണ് ഗുണ്ടാ സംഘം ആക്രമണം നടത്തിയത്. ആദ്യം ഇരു ചക്ര വാഹനത്തിലെത്തിയ സംഘം 50 രൂപയ്‌ക്ക് പെട്രോൾ കടം ചോദിച്ചു. എന്നാൽ ജീവനക്കാർ നൽകാൻ തയ്യാറായിരുന്നില്ല.
തുടർന്ന് പുലർച്ചെ ഒരു മണിക്ക് ശേഷം ആളുകൾ എത്തുകയും പമ്പിലെ ഓയിൽ റൂമും ഓഫീസ് റൂമും ജ്യൂസ് സെന്ററും അടിച്ചു തകർക്കുകയായിരുന്നു. ക്യാബിനുകളിലെ മുഴുവൻ ചില്ലുകളും അക്രമികൾ അടിച്ച് തകർത്തു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. പമ്പിലെ ജീവനക്കാർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മൂന്ന് പ്രതികളെ പോലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേർ ഉടൻ പിടിയിലാവുമെന്ന് പോലീസ് വ്യക്തമാക്കി.
















Comments