ന്യൂഡൽഹി: ഇന്ത്യയിലെ 15-18 പ്രായപരിധിയിലുള്ള 70 ശതമാനത്തിലധികം കൗമാരക്കാർക്കും ഇതുവരെ കൊവിഡ്-19 വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. വാക്‌സിനേഷന് അർഹതയുള്ള ഈ പ്രായത്തിലുള്ള എല്ലാവരോടും എത്രയും വേഗം കുത്തിവയ്പ്പ് നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
‘യുവ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു. 15-18 വയസ്സിനിടയിലുള്ള 70 ശതമാനം യുവാക്കൾക്കും അവരുടെ ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചിട്ടുണ്ട്,’ മാണ്ഡവ്യ പറഞ്ഞു. ”യോഗ്യതയുള്ള എല്ലാ യുവ സുഹൃത്തുക്കളോടും എത്രയും വേഗം വാക്‌സിനേഷൻ എടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
15 നും 18 നും ഇടയിൽ പ്രായമുള്ള 1.47 കോടി ഗുണഭോക്താക്കൾ പൂർണ്ണമായും വാക്‌സിനേഷൻ എടുത്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ കാണിക്കുന്നു. 24 മണിക്കൂറിനുള്ളിൽ 49.16 ലക്ഷത്തിലധികം ഡോസുകൾ നൽകിയതോടെരാജ്യത്ത് നൽകിയ ആകെ വാക്‌സിൻ ഡോസുകൾ 172.81 കോടി കവിഞ്ഞു. 2021-22ൽ 15-18 പ്രായത്തിലുള്ള ഗുണഭോക്താക്കളുടെ കണക്കാക്കിയ ജനസംഖ്യ 7.4 കോടിയാണെന്നാണ് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ കണക്ക്.
15 നും 18 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കുള്ള കുത്തിവയ്പ്പ് ജനുവരി 3 മുതൽ രാജ്യത്തുടനീളം ആരംഭിച്ചു.
















Comments