പാലക്കാട്: മലമ്പുഴ കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ചെറാട് സ്വദേശി ബാബുവിനെ സൈന്യം രക്ഷിച്ച് രണ്ട് ദിവസം തികയുന്നതിന് മുമ്പേ മലയിലേക്ക് വീണ്ടും ആളുകൾ കയറിയതായി വിവരം. മലയിൽ നിന്ന് ഫ്‌ളാഷ് ലൈറ്റുകൾ തെളിയുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെ വിവരമറിയിച്ചതോടെ മല കയറിയ ആളുകളെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിച്ചു.
അന്വേഷണത്തിനായി വാളയാർ റേഞ്ച് ഓഫീസറടക്കം പ്രദേശത്ത് എത്തിയതായി റിപ്പോർട്ട്. മലയുടെ മുകളിലെത്തിയവരെ സുരക്ഷിതമായി താഴെയിറക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇത്രയേറെ പ്രശ്‌നങ്ങൾ ഉണ്ടായിട്ടും. അപകടം പതിയിരിക്കുന്ന മേഖലയാണെന്ന് തിരിച്ചറിഞ്ഞിട്ടും നിരോധിത വനമേഖലയായ കൂർമ്പാച്ചിയിലേക്ക് ആളുകൾ കയറിയതിന്റെ ഉദ്ദേശ്യം വ്യക്തമായിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
രണ്ടു ദിവസം മുൻപാണ് മലമ്പുഴ സ്വദേശിയായ ബാബു എന്ന ബാബു വിശ്വനാഥൻ കുടുങ്ങിയത്. 45 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബാബുവിനെ രക്ഷിക്കുന്നത്. രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേർ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു.
കയർ അരയിൽ ബെൽറ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. വെള്ളവും ഭക്ഷണവും നൽകി ബാബുവിനെ സമാധാനിപ്പിച്ച ശേഷം എയർലിഫ്റ്റിങിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ടതിന് പിന്നാലെ സൈന്യത്തിൽ ചേരണമെന്ന് യുവാവ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. നിലവിൽ ആശുപത്രിയിലെ ചികിത്സയ്‌ക്ക് ശേഷം വീട്ടിൽ വിശ്രമിക്കുകയാണ് ബാബു വിശ്വനാഥൻ.
Comments