ലക്‌നൗ: ഉത്തർപ്രദേശിൽ രണ്ടാം ഘട്ട പോളിംഗിനായി ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക്. ഏഴ് ഘട്ടങ്ങളായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പാണ് നാളെ നടക്കുന്നത്. 9 ജില്ലകളിലെ 55 സീറ്റുകളിലേക്കായി 586 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ മത്സര രംഗത്തുള്ളത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ന്യൂനപക്ഷ വോട്ടുകൾ നിർണായകമാണ്.
യുപിയിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി പത്തിനാണ് നടന്നത്. 59.87 ശതമാനം പോളിംഗാണ് സംസ്ഥാനത്തൊട്ടാകെ രേഖപ്പെടുത്തിയത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുതിയത്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ 9 മന്ത്രിമാരുൾപ്പടെ 623 സ്ഥാനാർത്ഥികളും ജനവിധി തേടിയിരുന്നു.
ഗോവയിലേയും ഉത്തരാഖണ്ഡിലേയും അവസാന ഘട്ട വോട്ടെടുപ്പാണ് നാളെ നടക്കുന്നത്. ഇവിടെ ഒരു ഘട്ടമായാണ് വോട്ടെടുപ്പ് തീരുമാനിച്ചിരുന്നത്. സുരക്ഷ മുന്നിൽക്കണ്ട് പ്രദേശത്ത് അർദ്ധ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിൽ പലയിടത്തും മഞ്ഞുവീഴ്‌ച്ച തുടരുകയാണ്. ഇത് വോട്ടെടുപ്പിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് അണികൾ.
70 അംഗ ഉത്തരാഖണ്ഡ് നിയമസഭയിലേക്ക് ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. ഭാഗ്യ പരീക്ഷണത്തിന് ആം ആദ്മി പാർട്ടിയും മത്സരരംഗത്തുണ്ട്. അഭിപ്രായ സർവ്വേകൾ ബിജെപിയ്‌ക്ക് അനുകൂലമാണ്. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഖതിമയിലും കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ലാൽകുവയിലും നിന്നാണ് ജനവിധി തേടുന്നത്.
40 അംഗ ഗോവ നിയമസഭയിലേക്ക് 301 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ഭരണം നിലനിർത്താൻ ബിജെപിയും അതിജീവനം ലക്ഷ്യമിടുന്ന കോൺഗ്രസിനും പുറമെ എൻസിപി-ശിവസേന, തൃണമൂൽ, ആം ആദ്മി പാർട്ടികളുടെ സാന്നിദ്ധ്യവും മത്സര രംഗത്തുണ്ട്. ഇവിടേയും അഭിപ്രായ സർവ്വേകൾ ബിജെപിയ്‌ക്ക് അനുകൂലമാണ്.
















Comments