ന്യൂഡൽഹി : രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്‌ക്ക് 3വർഷം. 2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഒട്ടാകെ കണ്ണീരിലാഴ്‌ത്തിക്കൊണ്ട് പുൽവാമയിൽ ആക്രമണം നടന്നത്. ഭാരത മണ്ണിന് കാവലായിരുന്ന 40 ജവാന്മാരാണ് ആക്രമണത്തിൽ വീരമൃത്യ വരിച്ചത്.
ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് ആക്രമണം നടന്നത്. 2547 സിആർപിഎഫ് ജവാന്മാർ 78 വാഹനങ്ങളിലായി ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്‌ക്ക് പോകുമ്പോഴാണ് സംഭവം. പുൽവാമ ജില്ലയിലെ അവന്തിപുരയ്‌ക്കടുത്ത് ദേശീയപാതയിൽ വെച്ചായിരുന്നു സംഭവം. 100 കിലോ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരേ ഇടിച്ചു കയറ്റുകയായിരുന്നു.
ഉഗ്രസ്ഫോടനത്തിൽ എല്ലാം തകർന്നു. ആക്രമണത്തിൽ 76 ബറ്റാലിയണിലെ 40 സിആർപിഎഫ് ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. നിരവധി ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദായിരുന്നു ഈ ആക്രമണത്തിന് പിന്നിൽ.
എന്നാൽ രാജ്യം തളർന്നില്ല. ഓരോ ഇന്ത്യൻ പൗരനും ഇതിന് പകരം ചോദിക്കാൻ ഒറ്റക്കെട്ടായി നിന്നു. തുടർന്നാണ് ഫെബ്രുവരി 26 ന് ഇന്ത്യ ബലാക്കോട്ടിൽ വ്യോമാക്രമണം നടത്തിയത്. ജെയ്ഷെ ഇ മുഹമ്മദിന്റെ നിരവധി ക്യാമ്പുകളാണ് ഇന്ത്യൻ വ്യോമസേന തകർത്തത്. ഒട്ടേറെ ഭീകരരെയും സേന വധിച്ചിരുന്നു. ഉപഗ്രഹ സഹായത്തോടെയാണ് ബോംബുകൾ വർഷിച്ചത്. സാറ്റ്‌ലൈറ്റ് ഗൈഡഡ് ബോംബുകളായ സ്പൈസ് മിറാഷ് 2000 യുദ്ധവിമാനത്തിൽ നിന്നാണ് തൊടുത്തത്.
















Comments