തിരുവനന്തപുരം : കൊറോണ ഭീതിയെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ നീണ്ട ഇടവേളയ്‌ക്ക് ശേഷം വീണ്ടും തുറക്കുന്നു. ഇന്ന് മുതൽ 1 മുതൽ 9 വരെയുള്ള ക്ലാസുകൾ ഉച്ചവരെയാകും പ്രവർത്തിക്കുക. വിദ്യാർത്ഥികളെ ബാച്ചുകളാക്കി തിരിച്ച്, പകുതി കുട്ടികൾ മാത്രം ക്ലാസിൽ നേരിട്ടെത്തിയാകും ക്ലാസ് നടക്കുക. 10,11,12 ക്ലാസുകൾ നിലവിലെ രീതിയിൽ തന്നെ നടക്കും. ഈ മാസം 21 മുതൽ ക്ലാസുകൾ പൂർണ്ണ തോതിൽ ആരംഭിക്കും.
21 മുതൽ വൈകീട്ട് വരെ ക്ലാസ് ഉണ്ടാകും. പ്രീ പ്രൈമറി ക്ലാസുകൾ ഉച്ചവരെ മാത്രമാകും പ്രവർത്തിക്കുക. ഇനി മുതൽ മാസങ്ങളിൽ പൊതു അവധി ദിവസങ്ങൾ ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനമായിരിക്കും. പാഠഭാഗങ്ങൾ തീർക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ക്ലാസുകൾ ക്രമീകരിക്കുന്നത്.
എല്ലാ ക്ലാസുകളിലും ഇത്തവണ വാർഷിക പരീക്ഷകൾ നടത്തും. എസ്എസ്എൽസി, വിഎച്ച്എസ്ഇ, എച്ച്എസ്ഇ മോഡൽ പരീക്ഷകൾ മാർച്ച് 14 മുതൽ നടത്തും. 21 മുതൽ പിടിഎ യോഗങ്ങൾ ചേരും. വിദ്യാർത്ഥികൾക്ക് അറ്റൻഡൻസ് നിർബന്ധമാണ്. ഹാജർ നില പരിശോധിച്ച്, ക്ലാസിലെത്താത്തവരെ സ്‌കൂളിലേക്കെത്തിക്കാൻ അദ്ധ്യാപകർക്ക് ചുമതല നൽകിയിട്ടുണ്ട്.
പരീക്ഷയ്‌ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കൽ, പത്ത്, പ്ലസ്ടു ക്ലാസുകൾക്ക് പൊതുപരീക്ഷയ്‌ക്ക് മുൻപായുള്ള റിവിഷൻ, മോഡൽ പരീക്ഷകൾ, വാർഷിക പരീക്ഷകൾ എന്നിവ നടത്തുന്നതിനാണ് നിലവിൽ ഊന്നൽ നൽകുന്നത്.
Comments