ഡെറാഡൂൺ: ഹിമാലയൻ സംസ്ഥാനത്തെ വോട്ടെടുപ്പിൽ ജനങ്ങളുടെ വിധി എഴുത്ത് കോൺഗ്രസ്സിന് നിർണ്ണായകം. വികസനത്തിലൂന്നിയുള്ള ഭരണതുടർച്ച ജനങ്ങൾക്ക് മുന്നിൽ വെച്ചുകൊണ്ടാണ് പുഷ്‌ക്കർ സിംഗ് ധാമിയുടെ നേതൃത്വത്തിൽ ബിജെപി ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നത്. അഞ്ചുവർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെ പരീക്ഷിച്ച ബിജെപി കേന്ദ്രസർക്കാറിന്റെ ശക്തമായ വികസന നയം സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസനം ഉറപ്പുവരുത്തുന്നതിന്റെ ആത്മവിശ്വാസത്തിലാണ്.
സൈനികരുടെ സ്വന്തം സംസ്ഥാനം എന്ന് പേരുകേട്ട ഉത്തരാഖണ്ഡിൽ സൈനിക ക്ഷേമത്തിലും രാജ്യരക്ഷയിലും ബിജെപി ഇതുവരെയെടുത്തിട്ടുള്ള കേന്ദ്രനയങ്ങളും നിർണ്ണായകമാണ്. മുൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മണ്ണിൽ സഹോദരൻ മത്സരിക്കുന്നുവെന്നത് സൈനികർക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
കോൺഗ്രസ്സ് ഉത്തരാഖണ്ഡിനെ എങ്ങിനേയും തിരികെ പിടിക്കാനുള്ള നീക്കമാണ്. മുതിർന്ന നേതാവ് ഹരീഷ് റാവത് വലിയ തിരിച്ചുവരവ് നടത്തുമെന്ന വാഗ്ദാനമാണ് നൽകുന്നത്. വിനോദ സഞ്ചാരമേഖലയിലെ തകർച്ചയും തൊഴിൽ നഷ്ടവുമാണ് കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്. എന്നാൽ കൊറോണയെ ഫലപ്രദമായി നേരിടുകയും സംസ്ഥാനത്തെ രോഗബാധ ഫലപ്രദമായി നേരിട്ടതും എല്ലാവർക്കും റേഷൻ എത്തിച്ചതും സൈനിക ക്ഷേമവുമാണ് ബിജെപി മുന്നിൽ വച്ചിട്ടുള്ളത്. പുഷ്‌ക്കർ സിംഗ് ധാമിയുടെ കരുത്തുറ്റ നേതൃത്വത്തിലാണ് ബിജെപി വിശ്വാസം അർപ്പിച്ചിരിക്കുന്നത്. സംസ്ഥാന അദ്ധ്യക്ഷൻ മദൻ കൗശികാണ് പ്രചാരണത്തിന് ചുക്കാൻപിടിക്കുന്നത്. വികസന നേട്ടങ്ങളായ ഹൈവ വികസനം, വാർത്താവിതരണ സംവിധാനം, ആരോഗ്യകേന്ദ്രങ്ങൾ എന്നിവ എടുത്തുകാട്ടുന്നു. പ്രചാരണത്തിൽ 11 കേന്ദ്രമന്ത്രിമാരെയാണ് ബിജെപി സംസ്ഥാനത്ത് ഇറക്കിയത്. 2017ൽ 57 സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തിലാണ് ബിജെപി അധികാരത്തിലെത്തിയത്.
ഭരണ കാലയളവിൽ മൂന്ന് മുഖ്യമന്ത്രിമാരെ പരീക്ഷിച്ചത് ബിജെപിയുടെ പരാജയമാ ണെന്നാണ് കോൺഗ്രസ് ആരോപണം. സ്ഥിരം മണ്ഡലമായ ഹൽദ്വാനി മാറിയാണ് കോൺഗ്രസ് നേതാവ് ഹരീഷ് റാവത് മത്സരിക്കുന്നത്. ലാൽഖുവയിൽ ബിജെപിയുടെ മോഹൻ സിംഗ് ബിഷ്താണ് എതിരാളി. ആംആദ്മി പാർട്ടി 70 സീറ്റുകളിലേക്കും ആദ്യമായി സ്ഥാനാർത്ഥികളെ ഇറക്കിയിട്ടുണ്ട്. അജയ് കോത്യാളിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചാണ് ഇന്ന് പോളിംഗിൽ പ്രതീക്ഷയർപ്പിക്കുന്നത്. ഗംഗോത്രിയിൽ നിന്നാണ് കോത്യാൾ മത്സരിക്കുന്നത്.
















Comments