തിരുവനന്തപുരം: കൊറോണ സ്ഥിരീകരിച്ച് മൂന്ന് ദിവസം പിന്നിടുകയും ലക്ഷണങ്ങൾ ഇല്ലാത്തതുമായ ആളുകളെ രോഗികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നു. രോഗം സ്ഥിരീകരിച്ചവർക്ക് ഏഴു ദിവസം ഏർപ്പെടുത്തിയിരിക്കുന്ന സമ്പർക്കവിലക്ക് തുടരും. ആരോഗ്യവകുപ്പ് ഉന്നതതല യോഗത്തിലാണ് ഇത്തരമൊരു നിർദ്ദേശം നൽകിയത്. വാക്കാലാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വരെ ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർമാർ ഇത് നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.
ജാഗ്രതപോർട്ടലിൽ നിന്നാണ് ഇത്തരക്കാരുടെ പേര് മാറ്റുക. ഇതോടെ സംസ്ഥാനത്ത സജീവ രോഗികളുടെ എണ്ണത്തിൽ കുത്തനെ ഇടിവ് ഉണ്ടായിട്ടുണ്ട്. പലയിടങ്ങളിലും സജീവ കേസുകളുടെ എണ്ണം മൂന്നിലൊന്നായാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം 60 വയസ്സിൽ കൂടുതലുള്ള രോഗലക്ഷണങ്ങളുള്ള കൊറോണ ബാധിതരെ ആശുപത്രികളിലേക്ക് മാറ്റണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശമുണ്ട്. കൊറോണ ലക്ഷണങ്ങളിൽ കുറവ് വരുന്നത് വരെ ഇവരെ ആശുപത്രികളിൽ നിന്ന് മാറ്റരുതെന്നാണ് നിർദ്ദേശം.
സംസ്ഥാനത്ത് ഇന്നലെ 11,136 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 32,004 പേർ രോഗമുക്തി നേടി. 1,60,330 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ടെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകളിൽ പറയുന്നു. സംസ്ഥാനത്ത് ആകെ 61,84,080 പേരാണ് കൊറോണയിൽ നിന്ന് മുക്തി നേടിയത്.
















Comments