തിരുവനന്തപുരം:വ്യവസായമോ കച്ചവടമോ തുടങ്ങാൻ സാധ്യമാകാത്ത തരത്തിൽ കേരളത്തെ മാറ്റിയവരാണ് യുപിയേയും മറ്റ് സംസ്ഥാനങ്ങളെയും അപമാനിക്കുന്നതെന്ന് ബി ജെ എപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ .കണ്ണൂർ മാതമംഗലത്ത് സിഐടിയു ഊരുവിലക്കിനെ തുടർന്ന് സംരഭകന് വ്യാപാരസ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ഭീകരത തെളിയിക്കുന്ന സംഭവമാണെന്നും സുരേന്ദ്രൻ പറഞ്ഞു .
മുഖ്യമന്ത്രി വിദേശത്ത് പോയി നിക്ഷേപകരെ ക്ഷണിക്കുമ്പോൾ സിപിഎം കേരളത്തിലുള്ള സംരഭകരെ അടിച്ചോടിക്കുകയാണ് .വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
തങ്ങൾ വിലക്കിയ കടയിൽ നിന്ന് സാധനം വാങ്ങിയ ഉപഭോക്താവിനെ അടിച്ചോടിച്ച സിഐടിയുക്കാർ ഭരണത്തിന്റെ തണത്തിൽ നിയമം കൈയ്യിലെടുക്കുകയാണ്. കേരളത്തിൽ എന്തുകൊണ്ട് നിക്ഷേപകർ വരുന്നില്ലെന്നതിന് പാഴൂർ പടിപ്പുര വരെ പോവേണ്ടതില്ല. നിലവിൽ സംസ്ഥാനത്തുള്ള നിക്ഷേപകർക്ക് സ്വന്തം പാർട്ടിക്കാരിൽ നിന്നും സംരക്ഷണം കൊടുക്കുകയാണ് പിണറായി വിജയൻ ആദ്യം ചെയ്യേണ്ടതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
സിഐടിയു ഗുണ്ടകൾ ഉപഭോക്താവിനെ മർദ്ധിച്ചിട്ടും പൊലീസ് കാഴ്ചക്കാരായി ഇരിക്കുകയാണ്. ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ് സിഐടിയു. തുടർ ഭരണം എന്തും ചെയ്യാനുള്ള ലൈസൻസായാണ് സർക്കാർ കണക്കാക്കുന്നത്. നോക്കുകൂലിക്കെതിരെ ഒരു നടപടിയുമെടുക്കാത്ത ഇടത് സർക്കാർ കേരളത്തിലെ വ്യാവസായിക സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കുന്നതിൽ ആനന്ദം കാണുകയാണ്. നിക്ഷേപകരെ പരിഗണിക്കുന്ന കാര്യത്തിൽ പിണറായി വിജയൻ യോഗി ആദിത്യനാഥിനെ മാതൃകയാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
















Comments