പാലക്കാട്: മലമ്പുഴ കൂർമ്പാച്ചി മലയിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബുവിനെതിരെ കേസെടുത്തു. നിരോധിത വനമേഖലയിൽ അനധികൃതമായി കയറിയതിനാണ് ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തത്.
ബാബുവിനൊപ്പം മല കയറിയ രണ്ട് വിദ്യാർത്ഥികൾക്കെതിരെയും വനം വകുപ്പ് കേസ് എടുത്തിട്ടുണ്ട്. കേരള ഫോറസ്റ്റ് ആക്റ്റ്(27) പ്രകാരം വാളയാർ റെയ്ഞ്ച് ഓഫീസറാണ് കേസെടുത്തത്.
നേരത്തെ ബാബുവിനെതിരെ കേസ് എടുക്കില്ലെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു. കേസ് എടുക്കാൻ തുനിഞ്ഞ വകുപ്പിനെ മന്ത്രി ഇടപെട്ട് തടയുകയായിരുന്നു.
എന്നാൽ കേസ് എടുക്കാതയിരിക്കുന്നത് ഇതുപോലെയുള്ള നിരോധിത വനമേഖലയിലേക്ക് ആളുകൾക്ക് കയറാൻ വലിയ പ്രോത്സാഹനം ആകും എന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കേസ് എടുക്കാതിരിക്കുന്നത് ശരിയായ കീഴ് വഴക്കമല്ലെന്ന് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്.
ഇന്നലെ രാത്രി ബാബു കയറിയ ചെറാട് മലയിലേക്ക് ഒരു സംഘം ആളുകൾ കയറിയിരുന്നു. രാത്രിയിൽ മലയുടെ മുകളിൽ ഫ്‌ളാഷ് ലൈറ്റുകൾ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് സംഭവം പുറത്തറിയിച്ചത്.
Comments