തിരുവനന്തപുരം: മുൻ മിസ്സ് കേരള അൻസി കബീറിന്റെ മരണത്തെ സംബന്ധിച്ച് പോലീസ് നടത്തുന്ന അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കുടുംബം. അഭിഭാഷകനുമായി ആലോചിച്ചശേഷം സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന കാര്യം തീരുമാനിക്കുമെന്നും കുടുംബം അറിയിച്ചു. കേസിൽ ഹോട്ടൽ ഉടമ റോയ് വയലാറ്റിനെതിരെ പോക്‌സോ കേസ് ചുമത്തിയ സാഹചര്യത്തിലാണ് കുടുംബം പ്രതികരണവുമായി രംഗത്തെത്തിയത്.
സാധാരണ വാഹന അപകടമാണെന്നാണ് ആദ്യം കരുതിയതെന്നും ഹോട്ടലുടമയ്‌ക്കും സുഹൃത്തുക്കൾക്കുമെതിരെ ഉയരുന്ന ആരോപണങ്ങൾ കേൾക്കുമ്പോൾ ആസൂത്രിതമെന്ന് മനസ്സിലായതായും അൻസിയുടെ കുടുംബം പറയുന്നു. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഡ്രൈവറും ആദ്യം അപകടസ്ഥലത്തെത്തിയവരുമെല്ലാം അപരിചിതരാണ്. ഹോട്ടലുടമയെ പിന്തുണയ്‌ക്കുന്ന രീതിയിലാണ് ഡ്രൈവർ സംസാരിക്കുന്നത് ഇതെല്ലാം കൂടിച്ചേർന്നപ്പോഴാണ് വെറും അപകടമരണമല്ലെന്ന് ബോധ്യമായതെന്നും കുടുംബം പറയുന്നു.
രണ്ട് മോഡലുകൾ മരിച്ചിട്ടും അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. അന്വേഷണം അന്തിമഘട്ടത്തിലാണെന്നാണ് രണ്ടാഴ്ച മുൻപ് പോലീസ് പറഞ്ഞത്. എന്നാൽ അന്വേഷണ സംഘം പറയുന്നതിലെല്ലാം പൊരുത്തക്കേടുണ്ടെന്നാണ് കുടുംബം വാദിക്കുന്നത്.
കഴിഞ്ഞ വർഷം നവംബർ ഒന്നിന്നാണ് അൻസി കബീർ, മിസ്സ് കേരള റണ്ണറപ്പ് അഞ്ജന, സുഹൃത്ത് മുഹമ്മദ് ആഷിക് എന്നിവർ വാഹനാപകടത്തിൽ മരിച്ചത്. ഇത് വെറുമൊരു അപകടമരണമല്ലെന്നും, ആസൂത്രിതമാണെന്നും ആണ് അൻസിയുടെ കുടുംബം പറയുന്നത്. അപകടത്തിൽ കാർ ഓടിച്ചിരുന്ന റഹ്മാൻ മാത്രമാണ് രക്ഷപ്പെട്ടത്. ഫോർട്ടുകൊച്ചിയിലെ ഹോട്ടലിൽ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവേയാണ് അൻസിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.
















Comments