ന്യൂഡൽഹി: ഉത്തരാഖണ്ഡ്-ഗോവ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെടുപ്പ് പൂർത്തിയായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം ഗോവയിൽ 78 ശതമാനത്തിന് മുകളിലാണ് പോളിംഗ് രേഖപ്പെടുത്തിയത്. അതേസമയം, ഉത്തരാഖണ്ഡിൽ 60 ശതമാനത്തിന് മുകളിലും പോളിംഗ് രേഖപ്പെടുത്തി.
പതിനൊന്ന് ലക്ഷത്തിലധികം വോട്ടർമാരുള്ള തീരദേശ സംസ്ഥാനമായ ഗോവയിൽ 40 അസംബ്ലി സീറ്റുകളിൽ നിന്ന് 301 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഉത്തരാഖണ്ഡിൽ ആകെ 81,72,173 വോട്ടർമാരാണുള്ളത്. 70 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് നിന്നും 632 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. രണ്ട് സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് പൂർത്തിയായത്.
പോളിംഗിന്റെ തുടക്കത്തിൽ തന്നെ ഗോവ ഗവർണർ ശ്രീധരൻ പിള്ളയും ഭാര്യയും തെലീഗാവോയിലും മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംഘാലിമിലും വോട്ട് രേഖപ്പെടുത്തിയിരുന്നു. 22 സീറ്റുകളിലേറെ നേടി വൻ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്നാണ് ബിജെപി ആവകാശപ്പെടുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മറ്റ് നാല് സംസ്ഥാനങ്ങൾക്കൊപ്പം മാർച്ച് 10ന് നടക്കും. ഇന്ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയായ ഉത്തർപ്രദേശിൽ 60 ശതമാനത്തിന് മുകളിലാണ് പോളിംഗ് രേഖപ്പെടുത്തിയത്.
















Comments