സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം; ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ കേരളത്തിലെ തൊഴിലന്തരീക്ഷം മോശമാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമം നടക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി.ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സംസ്ഥാനത്തെ തൊഴിൽ അന്തരീക്ഷം മോശമാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമം നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന അനാരോഗ്യകരമായ പ്രവണതകൾക്കെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.തൊഴിലുടമകളും തൊഴിലാളികളും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്ന് മന്ത്രി പറഞ്ഞു.
വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പ് വരുത്തുന്നതിനോടൊപ്പം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. മാതമംഗലത്ത് സിഐടിയു പ്രവർത്തകർ ചേർന്ന് ഹാർഡ് വെയർ സ്ഥാപനം പൂട്ടിച്ച സംഭവം പരിഹരിക്കാനുള്ള ഉഭയകക്ഷി ചർച്ച ഈ മാസം 21 ന് നടത്തുമെന്ന് മന്ത്രി അറിയിച്ചു. ലേബർ കമ്മീഷണർ എസ്.ചിത്ര ഐഎസിന്റെ നേതൃത്വത്തിലാണ് ചർച്ച നടത്തുക. സ്ഥാപന ഉടമയുമായും തൊഴിലാളി യൂണിയൻ പ്രതിനിധികളുമായും ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ചർച്ച നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ മാതമംഗലത്ത് സിഐടിയു സമരത്തെ തുടർന്ന് ഹാർഡ് വെയർ സ്ഥാപനം പൂട്ടിയിരുന്നു.സാധനം വാങ്ങാനെത്തുന്നവരെ വഴിയിലിട്ട് തല്ലുമെന്നായിരുന്നു സി ഐ ടി യു ഭീഷണി. സാധനം വാങ്ങാനെത്തുന്നവരെ സമരക്കാർ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും സംരംഭം മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്ത സാഹചര്യമാണെന്നുമായിരുന്നു ഉടമയുടെ പരാതി. എഴുപത് ലക്ഷം രൂപ മുതൽ മുടക്കിൽ തുടങ്ങിയ സ്ഥാപനമാണ് സിഐടിയു പ്രവർത്തകർ കാരണം മാസങ്ങൾക്കകം പൂട്ടേണ്ടി വന്നത്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ചർച്ച.
















Comments