ന്യൂഡൽഹി:ഉത്തർ പ്രദേശിൽ കർഹാൽ മണ്ഢലത്തിൽ നിന്നും അഖിലേഷ് യാദവിനെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയും, കേന്ദ്ര മന്ത്രിയുമായ സത്യപാൽ സിംഗ് ബഗേലിന്റെ സുരക്ഷാ വർധിപ്പിച്ചു .ബഗേലിന്റെ വാഹന വ്യൂഹത്തിന് നേരെ കഴിഞ്ഞ ദിവസം നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്
സുരക്ഷാ ഭീഷണി മുൻ നിർത്തി ബഗേലിന് ‘ഇസഡ്’കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.നിലവിൽ വൈ കാറ്റഗറി സുരക്ഷയിലാണ് കേന്ദ്ര നിയമ സഹമന്ത്രിയായ ബഗേൽ.
ഉത്തർ പ്രദേശിലെ മെയ്ൻപുരി ജില്ലയിലെ അത്തിക്കുല്ലാപൂർ ഗ്രാമത്തിന് സമീപം റഹ്മത്തുള്ളാപൂരിൽ വെച്ചാണ് മന്ത്രിയുടെ വാഹനം അക്രമിയ്‌ക്കപ്പെട്ടത്.വാഹനത്തിന് നേരെ കല്ലും വടികളും ചില്ല് കുപ്പികളും ഉപയോഗിച്ചായിരുന്നു ആക്രമണം.വാഹനവ്യൂഹത്തിലെ ഒരു വാഹനം ഭാഗികമായി തകർക്കപ്പെട്ടു.മന്ത്രിയും സംഘവും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി,മറ്റ് ബി ജെ പി നേതാക്കൾക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു ആക്രമണം.മെയ്ൻപുരി ജില്ലയിലെ അത്തിക്കുല്ലാപൂരിലേക്ക് പോകും വഴി താനാ കർഹാലിലെ റഹ്മത്തുള്ളാപൂരിൽ വെച്ചാണ് മന്ത്രിയുടെ വാഹന വ്യൂഹം ആക്രമിക്കപ്പെട്ടത്.
ബഗേലിനെതിരായ ആക്രമണത്തെ ബിജെപി ശക്തമായി അപലപിച്ചു.സംഭവത്തിന് പിന്നിൽ സമാജ്‌വാദി പാർട്ടി ഗുണ്ടകളാണെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യ ആരോപിച്ചു. ഗ്രാമത്തിന് പുറത്തു നിന്നുള്ള ആളുകളും അക്രമത്തിൽ പങ്കെടുത്തിരുന്നുവെന്നും,ആസൂത്രിതമായ ആക്രമണം ആണ് നടന്നതെന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.
പോലീസെത്തുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണ്
















Comments