സൗന്ദര്യം കൂട്ടാനായി പലവഴികളും നോക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. മുഖവും മുടിയും കൈകാലുകളും മാത്രമല്ല നഖങ്ങൾ സുന്ദരമാക്കാൻ ആളുകൾ ശ്രമിക്കുന്നു. ഇതിനായി ഇപ്പോൾ ആധുനിക സജ്ജീകരണങ്ങൾ ഉള്ള ബ്യൂട്ടി പാർലറുകൾ തന്നെ നിലവിലുണ്ട്. സൗന്ദര്യ സംരക്ഷണത്തിനായി പക്ഷേ പണം ഇച്ചിരി പൊടിക്കേണ്ടി വരുമെന്ന് മാത്രം.
പണം എത്ര വേണമെങ്കിലും ചെലവാക്കാം ഭംഗി കൂടി കിട്ടിയാൽ മതിയെന്നാണ് പലരും പറയുന്നത്. യുഎസിലെ എല്ലരി എന്ന യുവതിയും അത് തന്നെ ആണ് ചിന്തിച്ചത് അൽപം പണം ചെലവായാലും കുഴപ്പമില്ല സൗന്ദര്യം വർദ്ധിച്ചാൽ മതിയെന്ന്. അതിനായി അവർ പ്രദേശത്തെ മികച്ച ഒരു ബ്യൂട്ടി പാർലറും തെരഞ്ഞെടുത്തു.
എല്ലരിക്ക് ഭംഗിയാക്കേണ്ടത് നഖങ്ങളായിരുന്നു. 50 ഡോളർ ചെലവാക്കി അങ്ങനെ യുവതി മാനിക്യൂർ ചെയ്യാൻ തീരുമാനിച്ചു. മണിക്കൂറുകൾ നീണ്ട മാനിക്യൂറിന് ശേഷം സുന്ദരമായെന്ന് കരുതി നഖങ്ങളിലേക്ക് നോക്കിയ യുവതി അക്ഷരാർത്ഥത്തിൽ ഞെട്ടി.
ചെറിയ കുട്ടികൾ കോറിയിടും പോലെയുള്ള ഡിസൈനായിരുന്നു അവളുടെ നഖങ്ങളിൽ. മാനിക്യൂറിന് മുൻപ് അവൾ കാണിച്ച ഡിസൈനുമായി ചേർച്ചയേ ഇല്ല എന്ന് മാത്രമല്ല നഖങ്ങൾ വൃത്തികേടായി മാറുകയും ചെയ്തു.
ബോൾ പെൻ ഉപയോഗിച്ച് ചെറിയ കുട്ടി വരച്ചത് പോലെയാണ് അവളുടെ നഖങ്ങൾ മാറിയത്. ഉടൻ തന്നെ എല്ലരി അത് ഫോട്ടോ എടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കുകയും ചെയ്തു. യുവതിയ്‌ക്ക് പറ്റിയ അമിളിയെ ട്രോളിയും ആശ്വസിപ്പിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ചില പരീക്ഷണങ്ങൾ വലിയ പരാജയമായേക്കാം എന്നാണ് ഒരു വിരുതൻ കമന്റ് ചെയ്തിരിക്കുന്നത്.
















Comments