ന്യൂയോർക്ക്: മദ്ധ്യേഷ്യൻ കൂട്ടായ്മയുടെ 30-ാം വാർഷികത്തിൽ ആശംസകൾ നേർന്ന് ഇന്ത്യ. പരസ്പരം വിശ്വാസവും സഹകരണവും എല്ലാ അർത്ഥത്തിലും പ്രകടിപ്പിക്കാൻ കഴിഞ്ഞ അർത്ഥവത്തായ വർഷങ്ങളാണ് കടന്നുപോയതെന്ന് ഇന്ത്യൻ പ്രതിനിധി ടി.എസ്.തിരുമൂർത്തി പറഞ്ഞു. കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷനെന്ന പേരിൽ ഐക്യരാഷ്‌ട്ര രക്ഷാ സമിതിയുടെ മേൽനോട്ടത്തിലെ കൂട്ടായ്മയാണ് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കുന്നത്.
അർമേനിയ, ബെലാറസ്,കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്. മദ്ധ്യേഷ്യൻ രാജ്യങ്ങളുടെ രാഷ്‌ട്രീയ പ്രതിരോധ ശാക്തീകരണത്തിൽ ഇന്ത്യ എടുക്കുന്ന നയങ്ങളെ രാജ്യങ്ങൾ അഭിനന്ദിച്ചു. ആഗോള തലത്തിൽ തന്നെ സമാധാന ശ്രമങ്ങൾക്കും ആഗോള ഭീകരതയെ ചെറുക്കുന്നതിലും മദ്ധ്യേഷ്യൻ രാജ്യങ്ങൾക്ക് താങ്ങും തണലുമായി നിൽക്കുന്നത് ഇന്ത്യയാണെന്നും വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ എടുത്തുപറഞ്ഞു.
മേഖല സാമ്പത്തിക വാണിജ്യ പ്രതിരോധ രംഗത്ത് നിരവധി വെല്ലുവിളികളാണ് നേരിടുന്നത്. ഭീകരത, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, വിഘടനവാദം എന്നീ വിഷയങ്ങളിൽ ആഗോള തലത്തിലെ ഗൂഢശക്തികളെ തകർത്തെറിയുന്നതിൽ മദ്ധ്യേഷ്യൻ രാജ്യങ്ങൾ നിർണ്ണായ ശക്തിയാണ്. വാണിജ്യ പ്രതിരോധ ജീവകാരുണ്യ രംഗത്ത് ഇന്ത്യ എന്നും കൈകോർത്ത് പ്രവർത്തിക്കുമെന്നും തിരുമൂർത്തി ഉറപ്പുനൽകി.
ഏഷ്യയിലെ വിവിധ പ്രശ്‌നങ്ങളിൽ മദ്ധ്യേഷ്യൻ രാജ്യങ്ങൾ നൽകുന്ന സഹായം ഏറെ നിർണ്ണായകമാണ്. മേഖലയിലേയും മറ്റ് അനുബന്ധ പ്രദേശങ്ങളിലേയും പ്രതിസന്ധി ഘട്ടത്തിൽ മദ്ധ്യേഷ്യൻ രാജ്യങ്ങളുടെ സഹായം വിസ്മരിക്കാനാവില്ലെന്നും തിരുമൂർത്തി പറഞ്ഞു. അഫ്ഗാനിലെ താലിബാൻ അധിനിവേശ വിഷയത്തിലും കൊറോണ വ്യാപന സമയത്തെ സഹായങ്ങളുടെ കാര്യത്തിലും നടത്തിയ പരിശ്രമങ്ങൾ ഇന്ത്യ ചൂണ്ടിക്കാട്ടി. ഐക്യരാഷ്‌ട്ര സഭയുടെ സമാധാന ശ്രമങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് രാജ്യങ്ങൾ നൽകുന്ന പിന്തുണയ്‌ക്കും ഇന്ത്യ നന്ദി അറിയിച്ചു.
















Comments