കാബൂൾ: അഫ്ഗാനിസ്ഥാനിലെ സാമൂഹ്യ സുരക്ഷിതത്വം കാത്തുസൂക്ഷിക്കാൻ ലോകരാഷ്‌ട്രങ്ങൾ ഇടപെടണമെന്ന ആവശ്യവുമായി അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി. താലിബാൻ സ്ത്രീകളുടേയും പെൺകുട്ടികളുടേയും പൊതുസ്വാതന്ത്ര്യം ഇല്ലാതാക്കിയതോടെ അഫ്ഗാൻ തീർത്തും മുരടിച്ച അവസ്ഥയിലാണെന്നും പഴയ സ്ഥിതി പ്രാപിക്കേണ്ടത് അഫ്ഗാൻ ജനതയുടെ പൊതു ആവശ്യമാണെന്നും കർസായി പറഞ്ഞു.
അഫ്ഗാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യം എത്രയും വേഗം പുന:സ്ഥാപിക്കപ്പെടണം. അവർ വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരും മുഖ്യധാരയിൽ ഇടപെട്ടവരുമാണ്. അവരെല്ലാം ജോലികളിൽ വ്യാപൃതരാകേണ്ടത് രാജ്യത്തിന്റെ പൊതുസാമ്പത്തിക ഭദ്രതയ്‌ക്കും അനിവാര്യമാണ്. അതുപോലെ പെൺകുട്ടികളുടെ വിദ്യാഭ്യാസവും ഉടൻ പുന:രാരംഭി ക്കേണ്ടത് രാജ്യത്തിന്റെ ഭാവിക്ക് ഏറെ നിർണ്ണായകമാണ്. അന്താരാഷ്‌ട്ര സമൂഹം ഈ വിഷയത്തിൽ താലിബാന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും അഷ്‌റഫ് ഗാനി അഭ്യർത്ഥിച്ചു.
താലിബാന് അന്താരാഷ്‌ട്ര അംഗീകാരം ലഭിക്കാത്തതിന് പ്രധാന കാരണം സാമൂഹ്യമായ അരക്ഷിതാവസ്ഥയാണ്. അത് സൃഷ്ടിച്ചത് നിലവിലെ ഭരണകൂടമാണ്. അഫ്ഗാനിലെ ജനതയുടെ പൊതു സ്വാതന്ത്ര്യം ഉറപ്പുവരുത്താതെ ഇത് സാദ്ധ്യമല്ലെന്ന സത്യം താലിബാൻ നേതാക്കൾ തിരിച്ചറിയണമെന്നും കർസായി പറഞ്ഞു.
ആഗസ്റ്റ് മാസം അക്രമത്തിലൂടെ കാബൂൾ പിടിച്ച താലിബാനിലെ പല പ്രവിശ്യകളും ഐ.എസ്, അൽഖ്വായ്ദ, ലഷ്‌കർ, ജയ്‌ഷെ എന്നീ ഭീകരസംഘടനകളുടെ നിയന്ത്രണത്തിലാണ്. പരിമിതമായ സൈന്യത്തെക്കൊണ്ട് താലിബാന് ഭരണം പോലും വേണ്ടവിധം നടത്താൻ സാധിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയാണ് സുപ്രധാന പ്രശ്‌നം. മുൻ ഭരണകൂടത്തിന്റെ നിക്ഷേപങ്ങളെല്ലാം അമേരിക്കയിൽ മരവിപ്പിച്ചിരിക്കുന്നതിനാൽ നിലവിൽ ജീവകാരണ്യ സംഘടനകളുടെ ഇടപെടലാണ് സാധാരണ ജനങ്ങളുടെ പട്ടിണി മാറ്റുന്നത്.
ഇതിനിടെ അഫ്ഗാനിലെ സമ്പത്തിനെ രണ്ടായി വിഭജിച്ച് ഉപയോഗിക്കണമെന്ന നയമാണ് ബൈഡൻ മുന്നോട്ട് വച്ചിരിക്കുന്നത്. അതിലൊരു ഭാഗം അഫ്ഗാനിലെ നിലവിലെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രമായിട്ടുള്ളതാണ്. രണ്ടാമത്തെ പങ്ക് വേൾഡ് ട്രേഡ് സെന്റർ തകർന്നപ്പോൾ കൊല്ലപ്പെട്ട വ്യക്തികളുടെ കുടുംബത്തിന് നൽകുമെന്നാണ് തീരുമാനം. അമേരിക്കയുടെ തീരുമാനത്തിൽ ഐക്യരാഷ്‌ട്ര സഭ ഇതുവരെ ഉത്തരമൊന്നും പറഞ്ഞിട്ടില്ല. ഇതിനിടെ സാമ്പത്തിക വാണിജ്യ സഹായത്തിനായി താലിബാൻ മന്ത്രിമാർ ബ്രിട്ടനിലെത്തി ചർച്ചകൾ നടത്തി മടങ്ങി.
















Comments