അബോഹാർ: കോൺഗ്രസ്സ് എന്നും കർഷകരെ വഞ്ചിച്ച പാർട്ടിയാണെന്നും ഒരു സഹായവും ഒരിക്കലും മണ്ണിൽ പണിയെടുക്കുന്നവർക്ക് നൽകിയിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിന്റെ ശാപമായ ലഹരി, മണൽ മാഫിയകളെ ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രി ജനങ്ങൾക്ക് വാക്കുനൽകി. പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫാസിക ജില്ലയിലെ അബോഹാറിലെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി.
ചരിത്രം കോൺഗ്രസ്സിന്റെ വഞ്ചനകൾക്ക് സാക്ഷിയാണ്. കർഷകരെ കോൺഗ്രസ്സ് ഒരിക്കലും സഹായിച്ചിട്ടില്ല. എന്നും വഞ്ചിച്ച ചരിത്രമേയുള്ളുവെന്നും മറക്കരുത്. സ്വാമിനാഥൻ കമ്മീഷൻ ഇതുവരെ നടപ്പാക്കാത്തവരാണ് കോൺഗ്രസ് നേതാക്കൾ. കർഷകരുടെ ക്ഷേമത്തിനായി സ്വാമിനാഥൻ കമ്മീഷൻ മുന്നോട്ടുവെച്ച ശുപാർശകളുടെ ഫയലുകൾ ക്കുമുകളിൽ അടയിരിക്കുകയാണെന്നും നരേന്ദ്രമോദി പരിഹസിച്ചു.
മതപരമായി ജനങ്ങളെ വിഭജിക്കുന്നതാണ് കോൺഗ്രസിന്റെ തന്ത്രം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന് വിയർപ്പൊഴുക്കി പണിയെടുക്കുന്നവരെ കളിയാക്കിയ മുഖ്യമന്ത്രിയാണ് പഞ്ചാബിലേത്. അദ്ദേഹം മറ്റ് സംസ്ഥാനത്തു നിന്നും വന്ന് പണിയെടുക്കുന്നവരെ പരിഹസിച്ചപ്പോൾ ഡൽഹിയിലെ കുടുംബാംഗം ഇന്നലെ കയ്യടിച്ചത് ആരും മറക്കരുതെന്നും നരേന്ദ്രമോദി ഓർമ്മിപ്പിച്ചു. ഈ പതിറ്റാണ്ടിൽ ബി.ജെ.പിക്ക് അധികാരം നൽകിയാൽ വികസനവും ജനക്ഷേമവും ഇരട്ട എഞ്ചിൻ ഘടിപ്പിച്ച പോലെ മുന്നേറുമെന്നും നരേന്ദ്രമോദി വാക്കുനൽകി.
















Comments