ന്യൂഡൽഹി: യുക്രെയ്‌നിലെ ഇന്ത്യക്കാരുടെ സുരക്ഷയാണ് പ്രധാനമെന്ന് വിദേശകാര്യ മന്ത്രാലയം. അവിടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികളും ഇന്ത്യൻ പൗരന്മാരും സുരക്ഷിതരായി തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് മറ്റെന്തിനേക്കളും വലുതെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി വ്യക്തമാക്കി.
യുക്രെയ്‌നിൽ വലിയ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യമില്ല. എംബസി ജീവനക്കാരെ ഒഴിപ്പിക്കാൻ നിലവിൽ തീരുമാനമില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിക്കുക എന്നത് പരിഗണനയിലില്ല. സംഘർഷ സാധ്യതയുള്ള സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ തിരിച്ചു കൊണ്ടുവരികയാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ പ്രത്യേക വിമാന സർവീസുകളുടെ ആവശ്യകതയില്ലെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി പറഞ്ഞു.
നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഇനിയും വിമാന സർവീസുകൾ നടത്തും. നിലവിൽ എയർ ബബിൾ സംവിധാനത്തിൽ വിമാന സർവീസുകൾ നടക്കുന്നുണ്ട്. യാത്രക്കാരിലും വിമാന സർവീസുകളുടെ എണ്ണത്തിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയെ പല ഇന്ത്യൻ വിദ്യാർത്ഥികൾ സമീപിച്ചിട്ടുണ്ടെങ്കിലും അവരിൽ ഭൂരിഭാഗവും മടങ്ങാൻ താൽപര്യപ്പെടുന്നില്ലെന്നാണ് അറിയിച്ചത്. അതിനാൽ വ്യാപകമായ ഒഴിപ്പിക്കൽ പരിഗണനിയിലില്ലെന്നും മന്ത്രാലയം അറിയിച്ചു. നിലവിലുള്ള സംഘർഷം നയതന്ത്ര ചർച്ചകളിലൂടെ യുക്രെയ്‌നും റഷ്യയും പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അരിന്ദം ബാഗ്ച്ചി പറഞ്ഞു.
















Comments