തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അവഹേളിച്ച് സിപിഐ മുഖപത്രം. ആരിഫ് മുഹമ്മദ് ഖാനെ നിലക്ക് നിർത്തണമെന്ന് സിപിഐ മുഖപത്രത്തിൽ പറയുന്നു. ഗവർണർ ഇന്നലെ ചെയ്തത് ഭരണഘടനാ വിരുദ്ധമായ നടപടിയാണ്. ഗവർണർ പദവി അൽപ്പത്തരത്തിന് ഉപയോഗിക്കരുതെന്നും നിഷേധാത്മക നിലപാട് ആണ് ഗവർണർ സ്വീകരിച്ചതെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.
ഗവർണറുടെ ശ്രമം സംസ്ഥാനങ്ങൾക്ക് മേൽ സർവാധിപത്യം സ്ഥാപിക്കുക എന്നതാണ്. ഫെഡറലിസം സംരക്ഷിക്കാൻ ഗവർണർമാരെ നിലയ്‌ക്ക് നിർത്തണം. ഇന്നലത്തെ ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധവും പരിഹാസ്യവുമാണ്. ഭരണ നയങ്ങളോട് പരസ്യമായി വിയോജിച്ച ഗവർണർ ഫെഡറലിസത്തിന് മേലുള്ള കടന്നു കയറ്റമാണ് നടത്തിയതെന്നും സിപിഐ മുഖപത്രത്തിൽ വിശദീകരിച്ചു.
പേഴ്‌സണൽ സ്റ്റാഫംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കണമെന്ന ഗവർണറുടെ ആവശ്യം സർക്കാർ അംഗീകരിച്ചതിന് പിന്നാലെയാണ് നയപ്രഖ്യാപനത്തിൽ ഗവർണർ ഒപ്പിട്ടത്. മുഖ്യമന്ത്രി നേരിട്ട് ഫോണിൽ സംസാരിച്ച് വിഷയം പരിശോധിക്കാമെന്ന് ഗവർണർക്ക് ഉറപ്പുനൽകുകയായിരുന്നു. സർക്കാരിനെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയതിന് ശേഷമായിരുന്നു നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടത് .
നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചതിന് പിന്നാലെ ജ്യോതിലാലിനെ പൊതുഭരണ വകുപ്പിൽ നിന്നും സർക്കാർ നീക്കിയിരുന്നു. ഹരി എസ്. കർത്തയുടെ നിയമനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി പൊതുഭരണ സെക്രട്ടറിയായ ജ്യോതി ലാലാണ് കത്തയച്ചത്. എന്നാൽ ജ്യോതിലാലിനെ മാറ്റാൻ താൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും വിയോജിപ്പ് ഉണ്ടായിരുന്നുവെങ്കിൽ നേരിട്ട് പറയാമായിരുന്നുവെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.
















Comments