തെലങ്കാന: പ്രളയത്തിൽ കടപുഴകി വീണ വമ്പൻ ആൽമരത്തിന് പുതുജീവൻ നൽകി ഒരു നാട്. തെലങ്കാനയിലെ രാജണ്ണ സിരിസില ജില്ലയിലെ സുഡ്ഡല ഗ്രാമത്തിൽ നിന്നാണ് ഈ സന്തോഷവാർത്ത പുറത്ത് വന്നിരിക്കുന്നത്. 70 വർഷം പഴക്കമുള്ള ഈ കൂറ്റൻ ആൽമരത്തിന് 100 ടണ്ണോളം ഭാരമുണ്ട്. നിരവധി പക്ഷികൾക്ക് ആവാസത്തിനും ആളുകൾക്ക് തണലും നൽകിയിരുന്ന മരമുത്തച്ഛൻ നാല് മാസം മുൻപ് ഉണ്ടായ പ്രളയത്തിലാണ് കടപുഴകി വീണത്. സുഡ്ഡല ഗ്രാമത്തിലെ കർഷകരായ ബൂറ ബുമ്മയ ഗൗഡ്, ബൂറ രാമയ്യ ഗൗഡ് എന്നിവരുടെ കൃഷിസ്ഥലത്താണ് ആൽമരം നിന്നിരുന്നത്.
പ്രളയത്തിൽ വേരുകളറ്റാണ് ആൽമരം വീണത്. മഴ മാറി വെയിൽ വന്നതോടെ ആൽമരത്തിന്റെ തൊലി മുഴുവൻ വരണ്ട് ഇലകൾ കൊഴിയാൻ ആരംഭിച്ചു. ഈ സമയത്താണ് ഡോ.ഡൊബ്ബല പ്രകാശ് എന്ന വ്യക്തി ഗ്രാമത്തിൽ എത്തുന്നത്. ഗ്രീൻ ഇന്ത്യ ചാലഞ്ച് എന്ന പ്രകൃതിക്ഷേമ ക്യാംപെയ്‌നിന്റെ സ്ഥാപകനാണ് അദ്ദേഹം. കടപുഴകി വീണെങ്കിലും മരത്തിന് വെള്ളം നൽകി സംരക്ഷിക്കാനാണ് അദ്ദേഹം നാട്ടുകാർക്ക് നൽകിയ നിർദ്ദേശം.
ഇതോടെ മരത്തിന് നാട്ടുകാർ കൃത്യമായി വെള്ളം നൽകാൻ തുടങ്ങി. ഇതോടെ ആൽമരത്തിൽ പുതുനാമ്പുകൾ വരാൻ തുടങ്ങി. മരത്തിന് പുതുജീവൻ നൽകാനുള്ള സാധ്യതകളും തെളിഞ്ഞു. മറ്റൊരു സ്ഥലത്ത് മാറ്റി നട്ടാൽ വൃക്ഷം പഴയത് പോല തന്നെ വളരുമെന്ന് ഡൊബ്ബല പ്രകാശ് വിശ്വസിച്ചു. അതിനുള്ള വഴികളും അദ്ദേഹം തേടി. ഈ സമയമാണ് പരിസ്ഥിതി സ്‌നേഹിയായ ഉദയകൃഷ്ണ പാഡിറെഡ്ഡി പ്രകാശിനൊപ്പം ചേരുന്നത്. മരങ്ങൾ മാറ്റിവയ്‌ക്കുന്നതിൽ പ്രാവീണ്യം നേടിയ വ്യക്തിയായിരുന്നു ഉദയകൃഷ്ണ.
സിരിസില ജില്ലാകളക്ടറുടെ ഓഫീസിലേക്ക് മാറ്റി സ്ഥാപിക്കാനാണ് പദ്ധതി ഇട്ടത്. മരം വീണ് കിടക്കുന്ന സ്ഥലവും ഓഫീസും തമ്മിൽ ആറ് കിലോമീറ്റർ ദൂരമാണ് ഉണ്ടായിരുന്നത്. മരം സ്ഥാപിക്കാനുള്ള പദ്ധതിക്ക് ജില്ലാ ഭരണകൂടവും പ്രോത്സാഹനം നൽകിയതോടെ മരം കൊണ്ടുവരാനായി പ്രത്യേകപാതയും ഒരുങ്ങി. ഒരു ട്രക്കും രണ്ട് വലിയ ക്രെയിനുകളുമാണ് ഇതിനായി ഉപയോഗിച്ചത്. എല്ലാവരും ഒരുമിച്ച് നിന്നതോടെ രണ്ടരമണിക്കൂറിനകം ആൽമരം കളക്ടേഴ്‌സ് ഓഫീസ് വളപ്പിൽ എത്തിച്ച് നടാനും സാധിച്ചു.
















Comments