തിരുവനന്തപുരം: അമ്പലമുക്കിലെ അലങ്കാര ചെടി വിൽപ്പനശാലയിലെ ജീവനക്കാരി വിനീത വിജയനെ കൊലപ്പെടുത്തിയ കേസിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തി. വാഷ് ബേസിനകത്തെ പൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കത്തി കണ്ടെത്തിയത്.
അതേസമയം, തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതി രാജേന്ദ്രനെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. പോലീസ് ഇടപെട്ടാണ് നാട്ടുകാരെ നിയന്ത്രിച്ചത്. കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രം കുളത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. തെളിവെടുപ്പിനിടെ മുട്ടടയിലെ കുളത്തിൽ നിന്നാണ് ഷർട്ട് കണ്ടെത്തിയത്.
ഫെബ്രുവരി ആറാം തീയതിയാണ് വിനീതയെ രാജേന്ദ്രൻ കൊല്ലുന്നത്. ചെടിച്ചട്ടി വിൽക്കുന്ന സ്ഥലത്ത് നിൽക്കുമ്പോൾ രാജേന്ദ്രൻ വിനീതയുടെ നാല് പവന്റെ മാല പിടിച്ച് പറിക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ കത്തികൊണ്ട് കുത്തി വീഴ്‌ത്തുകയായിരുന്നു. 2014 ൽ അരുവാമൊഴിയിൽ പ്രഭാത സവാരിക്കിറങ്ങിയ കസ്റ്റംസ് ഓഫീസറേയും ഭാര്യയേയും കൊലപ്പെടുത്തിയത് അടക്കം നാല് കൊലപാതകക്കേസുകളിൽ ഇയാൾ പ്രതിയാണ്.
ലോക്ഡൗൺ ദിനത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആദ്യമണിക്കൂറുകളിൽ പ്രതിയെക്കുറിച്ച് പോലീസിന് സൂചനയൊന്നും ലഭിച്ചിരുന്നില്ല. സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകളിൽ നിന്നാണ് രാജേന്ദ്രൻ നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പ്രതി രാജേന്ദ്രനാണെന്ന് പോലീസ് തിരിച്ചറിയുകയുമായിരുന്നു.
















Comments