പാലക്കാട്: അട്ടപ്പാടി മധു വധക്കേസ് പരിഗണിക്കുന്നത് ഈ മാസം 25ലേയ്‌ക്ക് മാറ്റി. മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി രാജേന്ദ്രനാണ് കോടതിയിൽ ഇന്ന് ഹാജരായത്. മൂവായിരത്തോളം പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.
കേസിലെ മുഴുവൻ പ്രതികളും ഇന്ന് കോടതിയിൽ ഹാജരായിരുന്നു. തങ്ങൾക്ക് മുഴുവൻ രേഖകളും ലഭ്യമായിട്ടില്ലെന്നും സാവകാശം വേണമെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. ലഭ്യമായ രേഖകൾ പഠിക്കാൻ സമയം, വേണമെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യവും കണക്കിലെടുത്താണ് കേസ് പരിഗണിക്കുന്നത് 25ലേയ്‌ക്ക് മാറ്റിയത്.
കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാവാത്തത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചത്. മധുവിന്റെ കേസിൽ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മീഷൻ നിയമവകുപ്പ് സെക്രട്ടറിയ്‌ക്ക് നിർദ്ദേശം നൽകിയിരുന്നു.
2018 ഫെബ്രുവരി 22നാണ് കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച മധുവിന്റെ കൊലപാതകം നടന്നത്. അട്ടപ്പാടിയിലെ വനവാസി യുവാവ് മധുവാണ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായത്. മോഷണക്കുറ്റം ആരോപിച്ച് മധുവിനെ ആൾക്കൂട്ടം കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കേരളത്തിൽ വൻ പ്രതിഷേധങ്ങളാണ് ഉയർന്നത്.
Comments