കൊൽക്കത്ത: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തിൽ ട്രിപ്പിൾ സെഞ്ചുറി നേടി ലോക റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ യുവ താരം. സകീബുൽ ഗനി എന്ന യുവതാരമാണ് 341 റൺസ് എടുത്ത് ലോക റെക്കോഡ് തന്റെ പേരിലാക്കിയത്.
രരഞ്ജി ട്രോഫിയിൽ മിസോറമിനെതിരായ മത്സരത്തിലാണ് ബിഹാറിന് വേണ്ടി ഗനി ഇത്രയധികം റൺസ് അടിച്ച് കൂട്ടിയത്. അഞ്ചാമനായി ക്രീസിലെത്തിയ താരം 405 പന്തിൽ 56 ഫോറും 2 സിക്‌സും അടക്കമാണ് 341 റൺസ് നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ഗനി സ്വന്തമാക്കിയത്. 2018-19 സീസണിൽ മദ്ധ്യപ്രദേശിനായുള്ള അരങ്ങേറ്റ മത്സരത്തിൽ പുറത്താകാതെ 267 റൺസ് നേടിയ അജയ് റൊഹാരയുടെ റെക്കോർഡ് തകർത്താണ് ഗനിയുടെ നേട്ടം.
നാലാം വിക്കറ്റിൽ ബാബുൽ കുമാറിനൊപ്പം വലിയ സ്‌കോറിന്റെ കൂട്ടുകെട്ടും താരം സ്വന്തമാക്കി. 756 പന്തിൽ 538 റൺസാണ് ഇരുവരും നേടിയെടുത്തത്. ഇരുവരുടേയും പ്രകടനത്തിന്റെ ഫലമായി ബീഹാറിന്റെ സ്‌കോർ 600 റൺസ് കടന്നു. ബാബുൽ കുമാറിനൊപ്പമുള്ള കൂട്ടുകെട്ട് രഞ്ജി ട്രോഫി ചരിത്രത്തിലെ നാലാം വിക്കറ്റിലെ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്. രഞ്ജിയിൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൂട്ടുകെട്ട് എന്ന റെക്കോർഡും ബാബുൽ-ഗനി സഖ്യം സ്വന്തമാക്കി.
Comments