പാലക്കാട്: സ്റ്റുഡന്റ് പോലീസിന്റെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സിപിഎം ജില്ലാ കമ്മിറ്റിയംഗം. യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ പദവിയുടെ പേരിലാണ് ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ കെ.സി റിയാസുദീൻ സല്യൂട്ട് സ്വീകരിച്ചത്. തുറന്ന ജീപ്പിൽ പരേഡിൽ അഭിവാദ്യം സ്വീകരിച്ച് നീങ്ങുന്ന റിയാസുദ്ദീന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പാലക്കാട് കാരാകുറുശ്ശി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പാസിങ് ഔട്ട് പരേഡിലാണ്് സംഭവം. സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡുകളിൽ ആ സ്‌കൂളിലെ പ്രിൻസിപ്പാൾ, പ്രധാന അദ്ധ്യാപകൻ, പിടിഎ പ്രസിഡന്റ് തുടങ്ങിയവരാണ് സല്യൂട്ട് സ്വീകരിക്കേണ്ടത്. എസ്‌ഐ, എസ്‌ഐ റാങ്കിന് മുകളിലുളളവർ, റിട്ടയേർഡ് ജഡ്ജിമാർ തുടങ്ങിയവർക്കും പരിപാടിയിൽ പങ്കെടുത്ത് സല്യൂട്ട് സ്വീകരിക്കാം.
എന്നാൽ ഇത് കാറ്റിൽപറത്തിയാണ് പരിപാടിയിൽ മുഖ്യാതിഥിയായി ഉൾപ്പെടുത്തിയ സിപിഎം നേതാവിനെ സല്യൂട്ട് സ്വീകരിക്കാൻ അനുവദിച്ചത്. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും കളക്ടർക്കും പരാതി നല്കി.
സംഭവത്തിൽ നിയമ ലംഘനം ഉണ്ടോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ നോഡൽ ഓഫീസറും നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുമായ സി.ഡി ശ്രീനിവാസൻ പറഞ്ഞു. ഇത്തരം സംഭവങ്ങൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനത്തിന്റെ അച്ചടക്ക സ്വഭാവം തകർക്കുന്നതാണെന്നും വിദ്യാർത്ഥികളുടെ ആത്മവിശ്വാസം പോലും ഇല്ലാതാക്കുമെന്നും വിമർശനം ഉയരുന്നുണ്ട്.
















Comments