കോട്ടയം: അഹമ്മദാബാദ് സ്‌ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട സഹോദരങ്ങളായ ഷിബിലിയും ഷാദുലിയും നിരപരാധികളാണെന്ന് പിതാവ് അബ്ദുൾ കരീം. സ്‌ഫോടനം നടക്കുമ്പോൾ ഇരുവരും ജയിലിലായിരുന്നുവെന്നും, മറ്റ് പ്രതികളുമായി ബന്ധമില്ലെന്നുമാണ് അബ്ദുൾ കരീമിന്റെ വാദം. വിഷയത്തിൽ മേൽക്കോടതിൽ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അബ്ദുൾ കരീം പറഞ്ഞു. ഈരാറ്റുപേട്ട സ്വദേശികളാണ് ഇവർ. നിരോധിത ഭീകരസംഘടനയായ സിമിയുടെ നേതൃത്വത്തിൽ വാഗമണ്ണിൽ നടത്തിയ ആയുധപരിശീലന ക്യാമ്പിൽ ഷിബിലിയും ഷാദുലിയും പങ്കെടുത്തതായി ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അഹമ്മദാബാദ് സ്‌ഫോടനപരമ്പരയ്‌ക്ക് മുന്നോടിയായി നടന്ന ഈ ക്യാംപിൽ വച്ചാണ് സ്‌ഫോടനം നടത്താനുള്ള പരിശീലനം ലഭിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ ഇവർക്ക് ശിക്ഷയും ലഭിച്ചിരുന്നു.
ഷിബിലിയും ഷാദുലിയും ഉൾപ്പെടെ നാല് മലയാളികളെയാണ് അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസിൽ കുറ്റക്കാരായി വിചാരണ കോടതി കണ്ടെത്തിയത്. ഇവരിൽ ഷാദുലി, ഷിബിലി, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീൻ എന്നിവർക്കാണ് വധശിക്ഷ ലഭിച്ചിരിക്കുന്നത്. ആലുവ കുഞ്ഞുണ്ണിക്കര സ്വദേശിയായ മുഹമ്മദ് അൻസാരിയ്‌ക്ക് ജീവപര്യന്തമാണ് ലഭിച്ചിരിക്കുന്നത്. സബർമതി ജയിലിൽ നിന്ന് തുരങ്കമുണ്ടാക്കി രക്ഷപെടാൻ ശ്രമിച്ച കേസിലും പ്രതിയാണ് ഷിബിലി.
2008ൽ ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ 70 മിനിറ്റ് വ്യത്യാസത്തിൽ 21 ബോംബുകളാണ് പൊട്ടിത്തെറിച്ചത്. 200 ഓളം പേർക്ക് പരിക്കേൽക്കുകയും 56 പേർ കൊല്ലപ്പെടുകയും ചെയ്തു. ഇന്ത്യൻ മുജാഹിദ്ദീനുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായ എല്ലാവരും. 79 പ്രതികളാണ് അറസ്റ്റിലായത്. ഒരാൾ മാപ്പ് സാക്ഷിയായി, മറ്റൊരാൾക്ക് മാറാരോഗം പിടിപെടുകയും ചെയ്തു. പിന്നീട് 77 പേരെയാണ് വിചാരണ ചെയ്തത്. 2009ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.
















Comments