ന്യൂഡൽഹി: മറാഠാ സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവജിയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ആദരം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ മികച്ച നേതൃത്വവും സാമൂഹ്യക്ഷേമത്തിനായി നടത്തിയ പ്രവർത്തനങ്ങളും ഓരോ തലമുറയിലേയും ജനങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശിവജിയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ഛത്രപതി ശിവജി മഹാരാജിന്റെ ജന്മ ദിനത്തിൽ അദ്ദേഹത്തെ വണങ്ങുകയാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
1627 ഫെബ്രുവരി 19 ന് മഹാരാഷ്‌ട്രയിലെ ശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായാണ് ശിവജി ജനിച്ചത്. മാതാവിൽ നിന്ന് ഇതിഹാസ-പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞ യോദ്ധാവും, രാഷ്‌ട്രതന്ത്രജ്ഞനുമായാണ് വളർന്നത്. ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ ഗ്രന്ഥങ്ങളിലും അദ്ദേഹം പ്രാഗത്ഭ്യം നേടിയിരുന്നു.
ദാദാജികൊണ്ടദേവ് എന്ന ഗുരുനാഥന്റെ കീഴിൽ നിന്നും ശിക്ഷണം നേടിയ അദ്ദേഹം കറ തീർന്ന സ്വഭാവ ശുദ്ധിയുടേയും ദേശീയ പ്രതിബദ്ധതയുടേയും മൂർത്ത രൂപമായി മാറി. സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ, തൊഴിലാളികളിലൂടെ നേടിയെടുത്ത ഹിന്ദു സാമ്രാജ്യം അദ്ദേഹം ധര്മ്മത്തിന്റെ അടിത്തറയിലാണ് പടുത്തുയർത്തിയത്. 1674 ജൂൺ 6 ന് ആ ഹിന്ദു സാമ്രാജ്യത്തിന്റെ ഛത്രപതിയായി അദ്ദേഹം അവരോധിക്കപ്പെട്ടു.
Comments