ഇന്ത്യൻ വാഹനപ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം കുറിക്കാൻ പുതുപുത്തൻ മാറ്റങ്ങളുമായി മാരുതി സുസുക്കി ബലേനോ ഫെബ്രുവരി 23ന് വിപണിയിലെത്തും. ബലേനോ ഫേസ് ലിഫ്റ്റ് പതിപ്പിന്റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തായെങ്കിലും, വില സംബന്ധിച്ചുള്ള വിവരങ്ങൾ ഇനിയും വ്യക്തമല്ല. ഇതിനെല്ലാം ഉപരിയായി, പുതിയ ബലേനോ സ്വന്തമാക്കുന്നതിനായി 16,000 ബുക്കിംഗുകൾ നിർമ്മാതാക്കൾക്ക് ഇതിനോടകം ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒപ്പുലന്റ് റെഡ്, ലക്സ് ബീജ്, സ്പ്ലെൻഡിഡ് സിൽവർ, നെക്സ ബ്ലൂ, പേൾ ആർട്ടിക് വൈറ്റ്, ഗ്രാൻഡിയർ ഗ്രേ എന്നിവയാണ് ഓഫറിലെ പുതിയ കളർ ഓപ്ഷനുകൾ. 11 വേരിന്റുകളിലായാണ് 2022 ബലേനോ വിപണിയിൽ എത്തുന്നത്.
മുൻഗാമിയെക്കാൾ വലിയ മാറ്റങ്ങളോടെയാണ് ഫേസ് ലിഫ്റ്റ് ബലേനോ അവതരിപ്പിക്കുന്നത്. പഴയ ബലേനോയിൽ നിന്നും വ്യത്യസ്തമായി മുൻവശത്തെ ഗ്രില്ലിന് വലുപ്പം കൂട്ടിയിട്ടുണ്ട്. പിൻഭാഗത്ത് പുതിയ സി-ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകളും പുതിയ ടെയിൽഗേറ്റും വരുന്നു.
ഇന്റീരിയറിന്റെ കാര്യത്തിൽ, ഡാഷ്‌ബോർഡ് പൂർണമായും പുനർനിർമ്മിച്ചിരിക്കുന്നു. പാസഞ്ചർ സൈഡ് ഡാഷ്‌ബോർഡിൽ നിന്ന് സെന്റർ കൺസോളിലേയ്‌ക്ക് വരുന്ന അലുമിനിയം ഇൻസേർട്ട് ഡാഷ്‌ബോർഡ് വാഹത്തിന്റെ സവിശേഷതയാണ്. ഡ്യുവൽ ടോൺ ഇന്റീരിയറാണ് പുതിയ ബലേനോയ്‌ക്ക് നൽകിയിട്ടുള്ളത്. സെൻട്രൽ കൺസോളിൽ പുതിയ 9-ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. ഇത് വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആർക്കിമിസ് സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാർ ടെക് എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു. 360-ഡിഗ്രി ക്യാമറ. ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങിയ സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകളുമായാണ് പുതിയ ബനേലോ എത്തുന്നത്.
പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് ഉള്ള കീലെസ് എൻട്രി, ക്രൂയിസ് കൺട്രോൾ, ഓട്ടോ-ഫോൾഡിംഗ് മിററുകൾ, ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, പിന്നിൽ അതിവേഗ ചാർജിംഗ് യുഎസ്ബി പോർട്ടുകൾ എന്നിവ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു. സുരക്ഷയുടെ കാര്യത്തിൽ, പുതിയ ബലേനോയിൽ 6 എയർബാഗുകൾ, ഐസ്ഒഫിക്‌സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, എബിഎസ്, ഇബിഡി എന്നിവയുണ്ട്. ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് ഇഎസ് സി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും ലഭിക്കും. കെ12എൻ എന്ന് വിളിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് പുതിയ ബലേനോ വരുന്നത്.
















Comments