കോഴിക്കോട്: കക്കയം ഡാമിന്റെ പെൻസ്റ്റോക്കിൽ ചോർച്ച കണ്ടെത്തി. എട്ടാം ബ്ലോക്കിലാണ് വെള്ളം ചോരുന്നത്. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ ഇനിയും കെഎസ്ഇബി അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കുറച്ച് മാസങ്ങളായി ഡാമിൽ ചോർച്ചയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
കക്കയം ഡാമിൽ നിന്നും കുറ്റ്യാടി പവർഹൗസിലേയ്‌ക്ക് വെള്ളം എത്തുന്ന പെൻസ്റ്റോക്കിലാണ് ചോർച്ച കണ്ടെത്തിയത്. പെൻസ്റ്റോക്കിന്റെ രണ്ട് ബ്ലോക്കുകൾ കൂടിച്ചേരുന്ന സ്ഥലത്താണ് ചോർച്ച കണ്ടെത്തിയത്. പെൻസ്റ്റോക്ക് കൂടിച്ചേരുന്ന ഭാഗത്തുള്ള നട്ടും ബോൾട്ടും തുരുമ്പെടുത്ത നിലയിലാണ്. ഇതിന്റെ അറ്റകുറ്റപണികൾ നടത്താനുള്ള ശ്രമം പോലും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ദിവസങ്ങൾ കഴിയും തോറും ചോർച്ച വർദ്ധിക്കുന്ന സാഹചര്യമാണുള്ളത്. ഇതിന്റെ മർദ്ദം കാരണം വലിയ രീതിയിലുള്ള അപകടം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന് മുൻപ് പെൻസ്‌റ്റോക്കിന്റെ അറ്റകുറ്റപണി കെഎസ്ഇബി അധികാരികൾ നടത്തിയത് നാട്ടുകാരുടെ സമ്മർദ്ദം മൂലമാണ്. പെൻസ്റ്റോക്കിന്റെ ചോർച്ച ഉടനടി പരിഹരിച്ചില്ലെങ്കിൽ ഇത് വലിയ വിപത്തിലേയ്‌ക്ക് നയിക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക.
















Comments