വാഹനങ്ങളിൽ ഉൾപ്പെടുത്തുന്ന ചില ഫീച്ചറുകൾ മനുഷ്യന് ഒരു പരിധി വരെ ഉപകാരപ്രദവും അതുപോലെ തന്നെ ഉപദ്രവുമാണ്. അത്തരത്തിൽ അപകടകാരിയായ ഒരു ഫീച്ചറാണ് ടെസ്ല കാറുകളിലും മറ്റും ലഭ്യമാകുന്ന ഓട്ടോപൈലറ്റ് മോഡ്. ഈ ഫീച്ചറിന്റെ ഉപയോഗം മൂലം നിരത്തിലുണ്ടാകുന്ന വാഹാപകടം തുടർക്കഥയാകുകയാണ്.
ടെസ്ല കാറിലുള്ള ഓട്ടോപൈലറ്റ് മോഡ് മൂലം നോർത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നോർത്ത് കരോലിന പോലീസ് ഉദ്യോഗസ്ഥരാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഓട്ടോപൈലറ്റ് മോഡിലിട്ട വാഹനത്തിന്റെ നിയന്ത്രണം തെറ്റി, വഴിയരികിൽ പാർക്ക് ചെയ്ത പോലീസ് വാഹനത്തിനെയും ഇടിച്ചുതെറിപ്പിച്ച് അടുത്തുള്ള പുൽത്തകിടിയിൽ ചെന്നാണ് കാർ നിന്നത്.
കാർ ഓട്ടോപൈലറ്റ് മോഡിലിട്ട് കാറുടമ സിനിമ കാണുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. വാഹനത്തിലെ സുരക്ഷ ഫീച്ചറുകൾ മൂലം ഡ്രൈവർക്ക് കാര്യമായ പരിക്കുകൾ ഏറ്റില്ല. മാത്രമല്ല, കാർ ചീറിപ്പാഞ്ഞുവരുന്നതിന്റെ ശബ്ദം കേട്ട് പോലീസ് വാഹനത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ ഓടി രക്ഷപ്പെട്ടത് കൊണ്ട് അവർക്കും ജീവൻ തിരികെ ലഭിച്ചു.
ഒരു ഡോക്ടറാണ് വാഹനം ഓടിച്ചിരുന്നത്. ടെസ്ല മോഡൽ എസ് ആണ് അപകടത്തിൽപ്പെട്ടത്. സമാനമായ അപകടം 2020ലും റിപ്പോർട്ട് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിലും ഇത്തരത്തിലൊരു അപകടം ഉണ്ടായിരുന്നു.
Comments