ന്യൂഡൽഹി: ‘കച്ചാ ബദാം’ എന്ന ഗാനം സമൂഹമാദ്ധ്യമങ്ങളിൽ സൃഷ്ടിച്ച ഓളം ഇനിയും അവസാനിച്ചിട്ടില്ല. ഇൻസ്റ്റഗ്രാം റീൽസിൽ ഈ ഗാനം ഇപ്പോഴും ട്രെൻഡിംഗാണ്. കച്ചാ ബദാം എന്ന ഗാനത്തിന്റെ കീർത്തി ഇന്ത്യയും കടന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലേയ്‌ക്ക് വ്യാപിച്ചു കഴിഞ്ഞു. ഇത്തരത്തിൽ പാട്ട് ഹിറ്റായപ്പോൾ, ആ ഗായകനും വൈറലായി. ബംഗാൾ സ്വദേശിയായ ഭൂപൻ ഭട്യാകറാണ് കച്ചാ ബദാം എന്ന ഗാനം ആലപിച്ചത്. ഭൂപന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ച വിഷയം.
ഒരു നിലക്കടല കച്ചവടക്കാരനായിരുന്നു ഭൂപൻ. ആക്രി സാധനങ്ങൾ ശേഖരിച്ചും, കടല വിറ്റും വളരെ പെടാപാട് പെട്ടാണ് ഭൂപൻ കുടുംബം പോറ്റിയിരുന്നത്. കച്ചവടത്തിനിടയിൽ ആളുകളെ ആകർഷിക്കാനാണ് ഭൂപൻ കച്ചാ ബദാം എന്ന ഗാനം പാടിയിരുന്നത്. അങ്ങനെ ഒരു ദിവസം ഗാനം ആലപിച്ചപ്പോൾ ആരോ ഒരാൾ അത് റെക്കോർഡ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. പിന്നെ നടന്നതെല്ലാം സ്വപ്‌ന തുല്യമാണെന്ന് ഭൂപൻ പറയുന്നു.
ഗാനം ഹിറ്റായെന്നും അതിന് പല റീമിക്‌സുകൾ ഇറങ്ങിയെന്നും മകൻ പറഞ്ഞാണ് ഭൂപൻ അറിഞ്ഞത്. ഇന്ന് താൻ വളരെ അധികം സന്തോഷിക്കുന്നു എന്നും ഒരു കലാകാരനായി തന്റെ ആഗ്രഹപ്രകാരം ഇനി ജീവിക്കുമെന്നും ഭൂപൻ പറഞ്ഞു. കൊൽക്കത്തയിൽ നടന്ന ഒരു നിശാ പാർട്ടിയിൽ പാടിയ ശേഷം സംസാരിക്കുമ്പോഴാണ് ഭൂപന്റെ പ്രതികരണം.
‘മൂന്ന് മാസങ്ങൾക്ക് മുൻപ് പത്ത് പേരടങ്ങുന്ന ഒരു കുടുംബം നോക്കാൻ ഞാൻ വളരെ അധികം കഷ്ടപ്പെട്ടു. നിലക്കടല വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. അങ്ങനെയായിരുന്ന എന്റെ ജീവിതമാണ് ഇത്തരത്തിൽ മാറിയത്. ഇത് സ്വപ്‌ന തുല്യമാണ്. കഴിഞ്ഞ ആഴ്ച എനിക്ക് ഒരു മ്യൂസിക് കമ്പനി 1.5 ലക്ഷം രൂപ നൽകി, പാടാൻ ഒരു അവസരവും തന്നു. ജീവിതത്തിൽ ഇത്രയും തുക ഒരുമിച്ച് കാണാൻ കഴിയാതിരുന്ന എനിക്ക് ഇതെല്ലാം ഇപ്പോഴും അവിശ്വസനീയമാണ്’ ഭൂപൻ കൂട്ടിച്ചേർത്തു.
തന്റെ കഴിവ് മാത്രമല്ല ജനങ്ങളുടെ പ്രോത്സാഹനമാണ് ആ ഗാനം ഇത്രയും വൈറലാവാൻ സഹായിച്ചത്. ഗാനം വൈറലായതിന് ശേഷം ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തു. അതിലെ അവതാരകൻ സാക്ഷാൽ സൗരവ് ഗാംഗുലിയായിരുന്നു. തന്നെ പോലെയുള്ള ഒരാൾക്ക് അദ്ദേഹത്തെ കാണാൻ സാധിക്കുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിട്ടില്ല. അന്ന് ഗാംഗുലി തനിക്ക് ഒരു സമ്മാനം നൽകിയെന്നും ഭൂപൻ പറയുന്നു.
ഇനി മുതൽ താൻ നിലക്കടല വിൽക്കാൻ പോവില്ലെന്നും, ഒരു സെലിബ്രിറ്റിയായതാൻ എങ്ങനെ ഇനി കടല വിൽക്കാനാണെന്നുമാണ് ഭൂപൻ ചോദിക്കുന്നത്.
English summary: Kacha Badam singer Bhuban Badyakar doesn’t sell peanuts anymore. I am a celebrity now, he says
















Comments