കൊൽക്കത്ത: ആർക്കിമിഡീസ് തത്വത്തെക്കുറിച്ച് നമ്മൾ പഠിച്ചിട്ടുണ്ട്. പലപ്പോഴും പല അവസരങ്ങളിലായി ചിലരെങ്കിലും ഇത് ജീവിതത്തിൽ പ്രയോഗിക്കുകയും ചെയ്തിട്ടുണ്ടാകും. എന്നാൽ ബംഗാളിലെ മിഡ്‌നാപൂരിൽ കുഴിയിൽ വീണ ഒരു ആനയെ കരകയറ്റാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രാവർത്തികമാക്കിയത് ഈ തത്വമാണ്. ആ രക്ഷപെടലിന്റെ കഥയും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
ഐഎഫ്എസ് ഓഫീസറായ പർവീൺ കസ്വാൻ ആണ് ഇതിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. കുഴിയിൽ വീണ ആനയെ കുഴിയിലേക്ക് വെളളം നിറച്ച് കരകയറ്റുകയെന്ന ആശയമാണ് പരീക്ഷിച്ചത്.
സാധാരണയായി കുഴിയിൽ വീഴുന്ന ആനകളെ കുഴിയുടെ വശങ്ങൾ ഇടിച്ചോ ജെസിബി ഉപയോഗിച്ച് വലിച്ചോ കരയ്‌ക്ക് കയറ്റുകയാണ് പതിവ്. എന്നാൽ ഇവിടുത്തെ വേറിട്ട രക്ഷാപ്രവർത്തനം കാണികൾക്കും കൗതുകമായി. ദ്രാവകത്തിൽ ഒരു വസ്തുവിന്റെ ഭാരനഷ്ടവും അത് ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരവും തുല്യമാണെന്ന ആർക്കിമിഡീസ് തത്വമാണ് ഇവിടെ പ്രാവർത്തികമായത്.
കുറച്ച് ആഴമുളള കുഴിയിലാണ് ആന വീണത്. പുലർച്ചെ ഒരു മണിയോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അപകടവിവരം അറിയിച്ച് വിളിയെത്തുന്നത്. ഉടൻ തന്നെ ഡിഎഫ്‌ഐ സന്ദീപ് ബെർവാളിന്റെ നേതൃത്വത്തിൽ അഡീഷണൽ ഡിഎഫ്ഒമാർ ഉൾപ്പെടുന്ന സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചു.
സ്ഥലത്തെത്തിയ ഇവർ കുഴിക്ക് ആഴം കൂടുതലാണെന്ന് മനസിലാക്കി. മറ്റ് രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയാൽ വൈകാനും ആനയുടെ ജീവൻ അപകടത്തിലാകാനും സാദ്ധ്യതയുണ്ടെന്നും സംഘം വിലയിരുത്തി. പിന്നീടാണ് കുഴിയിലേക്ക് വെള്ളം നിറയ്‌ക്കാൻ തീരുമാനിച്ചത്.
വലിയ ഹോസ് ഉപയോഗിച്ച് കുഴിയിലേക്ക് വെള്ളം പമ്പ് ചെയ്തു. വെളളം നിറയുന്നതനുസരിച്ച് വെളളത്തിൽ പൊങ്ങിക്കിടന്ന ആനയും കുഴിക്ക്് മുകളിലേക്ക് ഉയർന്നുവന്നു. ഉപരിതല നിരപ്പിൽ എത്തിയതോടെ ആന തുമ്പിക്കൈ ഉപയോഗിച്ച് അരികിൽ പിടിച്ച് കരയ്‌ക്ക് കയറാൻ ശ്രമിച്ചു. മുന്നിലും പിന്നിലുമായി വലിയ കയറുകൾ കുഴിയിലേക്ക് ഇട്ട് കരയ്‌ക്കുണ്ടായിരുന്നവരും ആനയെ വീണ്ടും കുഴിയിൽ പോകാതെ താങ്ങി. ഈ പിടിവളളി മുതലാക്കി ആന കരയ്‌ക്ക് കയറുകയും ചെയ്തു. പുലർച്ചെ നാല് മണിയോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് സംഘം മടങ്ങുകയും ചെയ്തു.
ആനയെ വെള്ളത്തിൽ മുക്കിക്കൊല്ലുന്നതല്ല; രക്ഷിക്കുന്നതാ
സമയോചിതമായ ഇടപെടൽ – ആനയെ കുഴിയിൽ നിന്ന് കരകയറ്റുന്നു
Posted by Janam TV on Monday, February 21, 2022
ആർക്കിമിഡീസ് തത്വത്തിന് പിന്നിൽ
പുരാതന ഗ്രീക്കിലെ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു ആർക്കിമിഡീസ്. സിറക്യൂസിലെ ഹീറോ രണ്ടാമൻ രാജാവ് ഒരു സ്വർണ്ണകിരീടം ഉണ്ടാക്കിയപ്പോൾ അതിൽ മായം ചേർന്നിട്ടുണ്ടോ എന്ന് നോക്കാൻ ആർക്കിമിഡീസിനെ ചുമതലപ്പെടുത്തി. കിരീടത്തിന്റെ വ്യാപ്തം അറിഞ്ഞാലെ അതിന്റെ സാന്ദ്രത അളക്കാൻ പറ്റുകയുള്ളു. കിരീടം ഉരുക്കി വ്യാപ്തം അളക്കാവുന്ന ഒരു ആകൃതിയിലേക്ക് മാറ്റാൻ രാജാവ് സമ്മതിക്കുകയും ഇല്ല.
ഈ ചിന്തയുമായി കുളിക്കാനിറങ്ങിയ ആർക്കിമിഡീസ് കുളിത്തൊട്ടിയിലെ വെള്ളം കവിഞ്ഞൊഴുകുന്നത് ശ്രദ്ധിച്ചു. ഇത് കണ്ടതോടെ കിരീടത്തിന്റെ വ്യാപ്തം അളക്കുന്നതിന് അത് വെള്ളത്തിൽ മുക്കുമ്പോൾ അത് ആദേശം ചെയ്യുന്ന വെള്ളത്തിന്റെ വ്യാപ്തം അളന്നാൽ മതിയെന്ന് അദ്ദേഹത്തിന് മനസിലായി. ഇതാണ് ആർക്കിമിഡീസ് തത്വത്തിന്റെ പിറവിയിലേക്ക് നയിച്ച സംഭവം
















Comments