മുംബൈ: കന്നുകാലികളെ ചന്തയിൽ നിന്നും വാങ്ങുന്ന ലാഘവത്തോടെയാണ് ഐപിഎൽ ലേലത്തിൽ പങ്കെടുക്കുന്ന ടീം ഉടമകൾ ക്രിക്കറ്റ് താരങ്ങളെ വാങ്ങുന്നതെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഒരു ദേശീയ മദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉത്തപ്പ ഇക്കാര്യം പറഞ്ഞത്. പരീക്ഷയുടെ ഫലം കാത്തിരിക്കുന്ന പ്രതീതിയാണ് ലേല ദിവസം അനുഭവപ്പെടുന്നതെന്നും ഉത്തപ്പ പറഞ്ഞു.
കഴിഞ്ഞ ഐപിഎൽ ലേലത്തിൽ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്‌ക്ക് ചെന്നൈ സൂപ്പർ കിംഗ്‌സാണ് ഉത്തപ്പയെ സ്വന്തമാക്കിയത്. ഐപിഎൽ ലേലത്തിനിടെയുള്ള നിമിഷങ്ങൾ അത്ര സുഖകരമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ക്രിക്കറ്റർമാരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇന്ന് ലഭ്യമാണെന്നും അത് ഏറ്റവും വലിയ പ്രതിസന്ധിയാണെന്നും ഉത്തപ്പ പറയുന്നു. ലേലത്തിന് പകരമായി ഒരു ഡ്രാഫ്റ്റ് സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു കളിക്കാരനെ എത്ര വിലയ്‌ക്ക് വാങ്ങണമെന്ന മുൻ ധാരണയോടെയാണ് പലരും ലേലത്തിൽ പങ്കെടുക്കുന്നത്. എത്ര വലിയ കളിക്കാരനാണെങ്കിൽ പോലും തങ്ങളുടെ കൈവശമുള്ളതിനെക്കാൾ കൂടുതൽ പണമിറക്കാൻ എല്ലാ ഉടമകളും ഒന്ന് മടിക്കും. ഒരു കായിക താരത്തിന്റെ കളിയെ കുറിച്ച് അഭിപ്രായം പറയുന്നത് പോലെ അത്ര സുഖകരമല്ല ലേലത്തിൽ ലഭിക്കുന്ന തുകയെ കുറിച്ച് അഭിപ്രായം പറയുന്നതെന്നും ഉത്തപ്പ കൂട്ടിച്ചേർത്തു.
















Comments