പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായ വനവാസി യുവാവ് മധു കൊലപ്പെട്ട കേസിലെ വിചാരണ നീണ്ടു പോകാൻ കാരണം സർക്കാർ അനാസ്ഥയെന്ന് ആരോപിച്ച് കുടുംബം. ഇനിയെങ്കിലും സർക്കാർ ഒപ്പമുണ്ടാകണമെന്ന അപേക്ഷയാണ് കുടുംബം മുന്നോട്ടുവെയ്‌ക്കുന്നത്. കേസ് അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമം ഉണ്ടായിട്ടുണ്ട്. രാഷ്‌ട്രീയ ഇടപെടലുകളും ഇതിന് കാരണമായെന്ന് കുടുംബം പറയുന്നു. മധു കൊല്ലപ്പെട്ടിട്ട് ഇന്നേയ്‌ക്ക് നാല് വർഷം തികയുമ്പോഴാണ് കുടുംബത്തിന്റെ പ്രതികരണം.
വിശന്നപ്പോൾ ഭക്ഷണം മോഷ്ടിച്ചതിനാണ് മധുവിനെ ആൾക്കൂട്ടം കൊന്നുകളഞ്ഞത്. സംഭവം സമൂഹമാദ്ധ്യമങ്ങളിലടക്കം വലിയ കൊലിളക്കം സൃഷ്ടിച്ചിരുന്നു. മധുവിനും കുടുംബത്തിനും നീതി നേടിക്കൊടുക്കുമെന്നും, കുറ്റക്കാരെ നീതിയ്‌ക്ക് മുന്നിൽ കൊണ്ടുവരുമെന്നുമാണ് മന്ത്രിമാരടക്കം വാഗ്ദാനം നൽകിയത്. എന്നാൽ നാല് വർഷങ്ങൾ കഴിഞ്ഞിട്ടും നീതി അകലെയാണെന്ന് കുടുംബം പറയുന്നു.
ഈ കാലയളവിൽ തങ്ങൾ വലിയ വേട്ടയാടലുകൾ നേടിട്ടെന്ന് മധുവിന്റെ കുടുംബം ആരോപിക്കുന്നു. വീടിനുള്ളിൽ കടന്ന് ചിലർ ഭീഷണിപ്പെടുത്തി. പ്രതികളിൽ നിന്നും കുടുംബം ലക്ഷങ്ങൾ വാങ്ങിയെന്നുൾപ്പെടെ ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു. തങ്ങൾ പണം കണ്ടിട്ട് ജീവിച്ചുവന്നവരല്ലെന്നും നീതിക്കായി പോരാടുമെന്നും കുടുംബം വ്യക്തമാക്കുന്നു.
വിചാരണ നീണ്ടതിൽ ദുരൂഹതയുണ്ട്. കേസ് അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നിട്ടുണ്ട്. സർക്കാരിന്റെ അനാസ്ഥയാണ് കേസിന്റെ വിചാരണ ഇത്രയും നീളാൻ കാരണം. ഇനിയെങ്കിലും സർക്കാർ ഒപ്പം നിൽക്കണമെന്ന് അപേക്ഷിക്കുകയാണ് മധുവിന്റെ കുടുംബം.
















Comments