കൊച്ചി: കൊച്ചിന്‍തുറമുഖ തൊഴിലാളി യൂണിയനില്‍(സിടിടിയു)ഉള്‍പ്പെട്ട തൊഴിലാളികള്‍ വേതന വര്‍ധനവ് ആവശ്യപ്പെട്ട് നടത്തിവരുന്ന സമരത്തെ തുടര്‍ന്ന് വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ വെയര്‍ഹൗസുകളില്‍ 50 ലക്ഷത്തോളം കിലോ തേയില കെട്ടിക്കിടക്കുന്നു.
ലേലത്തിനായി എത്തിച്ച തേയിലയും ലേലമുറപ്പിച്ച തേയിലയും ഉള്‍പ്പെടെയാണ് ഇവിടെ കെട്ടിക്കിടക്കുന്നത്.
തൊഴിലാളി സമരം കാരണം കയറ്റുമതി അനിശ്ചിതത്വത്തിലായി. ഇതോടെ തേയില വ്യാപാരികള്‍ ആശങ്കയിലാണ്. തേയില കയറ്റുമതി നടന്നില്ലെങ്കില്‍ വന്‍സാമ്പത്തിക നഷ്ടം നേരിടേണ്ടിവരും. കൊറോണകാരണം ഒരുഭാഗത്ത് പ്രതിസന്ധി നേരിടേണ്ടി വരുമ്പോഴാണ് കൂനിന്‍മേല്‍ കുരുവായി തൊഴില്‍സമരം തേയില വ്യാപാരികളെയും വ്യവസായികളെയും വലയ്‌ക്കുന്നത്. ചെറുകിട വ്യാപാരികള്‍ക്കാണ് ഏറെയും പ്രശ്‌നം നേരിടേണ്ടി വരുന്നത്.
തൊഴിലാളികളുമായി കൂലി സംബന്ധിച്ച് ചര്‍ച്ച നടത്തിയെങ്കിലും സമരക്കാര്‍ കടുംപിടുത്തം തുടരുന്നതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്. വില്ലിംഗ്ടണ്‍ മേഖലയില്‍ ഒരു ബാഗിന് 15.5 രൂപയാണ് ലോഡിംഗ് ചാര്‍ജ്ജായി തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. ഇത് വര്‍ധിപ്പിച്ച് നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം. 15 ശതമാനം വര്‍ധനയാണ് യൂണിയന്റെ ആവശ്യം.
യൂണിയനുമായി നടത്തിയ ചര്‍ച്ചയില്‍ ഇത് ഒന്‍പത് ശതമാനം വരെ വര്‍ദ്ധിപ്പിച്ചു നല്‍കാമെന്ന് ചര്‍ച്ചയില്‍ യൂണിയന്‍ നേതൃത്വത്തോട് പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. സമരംതുടരാനാണ് തീരുമാനം. സമരം തുടരുന്നപക്ഷം പ്രാദേശിക വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങി. വില്‍പനനടക്കാത്തതിനാല്‍ വെയര്‍ഹൗസുകള്‍ക്കു പുറമെ ചെറുകിട സംരഭകരുടെ സ്വകാര്യശേഖരങ്ങളിലും തേയില കെട്ടിക്കിടക്കുകയാണ്.
കൊച്ചി പോര്‍ട്ട് ട്രസ്റ്റ് കേരള ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
















Comments