മലപ്പുറം: ജനകീയാസൂത്രണത്തിൽ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സഹകരണത്തെ മുൻമന്ത്രി തോമസ് ഐസക് ഫേസ് ബുക്കിൽ പ്രകീർത്തിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ വികസനത്തിലേക്ക് നയിച്ചതായും അദ്ദേഹം പറഞ്ഞു. ജനകീയാസൂത്രണം മലപ്പുറത്തെ തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രവർത്തനമണ്ഡലത്തിൽ വരുത്താവുന്ന നാടകീയ മാറ്റങ്ങളെപ്പറ്റി കുഞ്ഞാലിക്കുട്ടി ബോധവാനായിരുന്നു. ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്ക് അനുയോജ്യരായ യുവരാഷ്‌ട്രീയ പ്രവർത്തകരെ കെആർപിമാരായി അദ്ദേഹം തിരഞ്ഞെടുത്തു.
ഒട്ടുമിക്ക പേരും പരിഷത്ത് പ്രവർത്തകരായിരുന്നുവെന്നും അതിൽ ഒരു അലോഹ്യവും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. തോമസ് ഐസക്കിന്റെ ഈ പോസ്റ്റ് രാഷ്‌ട്രീയലക്ഷ്യം വച്ചുകൊണ്ടാണെന്നും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം സിപിഎമ്മിലേക്ക് ചുവടുമാറുമെന്നും അഭ്യൂഹമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിനുള്ള മറുപടിയുമായി കുഞ്ഞാലിക്കുട്ടി രംഗത്ത് എത്തിയത്.
തന്നെ പരാമർശിക്കുന്ന തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ രാഷ്‌ട്രീയമില്ല, മാദ്ധ്യമങ്ങൾ കഥമെനയുകയാണ്. തന്നെ മാത്രമല്ല ലീഗിന്റെ ചരിത്രമാണ് അദ്ദേഹം പറഞ്ഞത്. ജനം ലീഗിന് വോട്ടുചെയ്തത് യുഡിഎഫിന് ഒപ്പം നിൽക്കാനാണ്. ലീഗ് യുഡിഎഫ് വിടുന്ന പ്രശ്‌നമില്ല. പോസ്റ്റിനു പിന്നിൽ എൽഡിഎഫ് ചായ്‌വ് ആണെന്നു വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും യുഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മറ്റുളള അഭിപ്രായങ്ങൾ ശരിയല്ലെന്നും പികെ.കുഞ്ഞാലക്കുട്ടി നിലപാട് വ്യക്തമാക്കി ഇന്ന് രംഗത്ത് എത്തി.
















Comments