കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഒരു അന്തേവാസികൂടി ചാടിപ്പോയി. ഇന്ന് രാവിലെയാണ് സംഭവം. 24 വയസ്സുള്ള യുവാവാണ് ചാടിപ്പോയത്. ഇയാളെ കാണാതായതിനെ തുടർന്ന് തിരഞ്ഞപ്പോഴാണ് ചാടിപ്പോയ വിവരം തിരിച്ചറിയുന്നത്. പിന്നാലെ മെഡിക്കൽ കോളേജ് പോലീസ് സംഘം പരിശോധന ആരംഭിച്ചു.
പോലീസ് അന്വേഷണത്തിനിടയിൽ ഇയാൾ മടവൂരിൽ ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി ആളെ തിരിച്ചറിഞ്ഞു. ഇയാളെ തിരികെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേയ്‌ക്ക് എത്തിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അഞ്ചുപേരാണ് ഇവിടെ നിന്നും ചാടിപ്പോയത്. ഇവരിൽ ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ബുധനാഴ്ച രാത്രി സെല്ലിലുണ്ടായ അടിപിടിക്കിടെ മഹാരാഷ്‌ട്ര സ്വദേശിനി കൊല്ലപ്പെട്ടിരുന്നു. കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷ വീഴ്ചയിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. കേന്ദ്രത്തിൽ എട്ട് സെക്യൂരിറ്റി ജീവനക്കാരെയെങ്കിലും അടിയന്തരമായി നിയമിക്കണമെന്നും ഫെബ്രുവരി 23ന് മുൻപ് നിയമനത്തിലെ പുരോഗതി അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.
















Comments