തിരുവനന്തപുരം : അഭിനയത്തികവ് കാണിക്കാൻ പ്രധാന വേഷങ്ങളിൽ എത്തേണ്ട ആവശ്യമില്ലെന്ന് മലയാളിയെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ച സ്വഭാവ നടിയായിരുന്നു കെപിഎസി ലളിത. എഴുന്നൂറിലേറെ സിനിമകളിൽ നിറഞ്ഞാടിയ ആ മഹാപ്രതിഭയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി. നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിഎസി ലളിതയുടെ മരണത്തിൽ അനുശോചനം അറിയിച്ചു. മലയാള സിനിമാ-നാടക വേദിയിലെ അതുല്യ പ്രതിഭയായ കെപിഎസി ലളിതയ്‌ക്ക് ആദരാഞ്ജലി എന്ന് അദ്ദേഹം പറഞ്ഞു. സാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അവർ അനുപമമാക്കി. കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലർത്തിയ അഭിനേത്രി… സ്വാഭാവിക അഭിനയത്തിന്റെ പാഠശാല… നാടകവേദി മൂർച്ച കൂട്ടിയതാണ് കെപിഎസി ലളിതയുടെ അഭിനയ പാടവം. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയെന്ന നിലയിലും അവർ പ്രവർത്തിച്ചു. രണ്ടോ മൂന്നോ തലമുറകൾക്കൊപ്പം സഞ്ചരിച്ച അഭിനേത്രിയാണ് കെപിഎസി ലളിത. അഞ്ച് പതിറ്റണ്ടിലേറെ നീണ്ട അഭിനയ സപര്യയ്‌ക്ക് അവസാനം . ആ വലിയ വ്യക്തിത്വത്തിന്, കലാകാരിക്ക് പ്രണാമമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. രാവിലെ 8 മുതൽ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കും.
തൃശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദർശനമുണ്ടാകും.തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്‌ക്ക് കൊണ്ടുപോകും. വൈകീട്ട് വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും.
ചൊവ്വാഴ്ച രാത്രിയാണ് കെപിഎസി ലളിത(75) അന്തരിച്ചത്. തൃപ്പൂണിത്തുറയിലെ മകന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.
















Comments