കെപിഎസി ലളിതയുടെ മരണം അറിഞ്ഞ് പേട്ടയിലെ ഫ്‌ലാറ്റിലേക്ക് ഓടിയെത്തിയത് ഈ മകളാണ്. തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ നിറഞ്ഞാടിയ അമ്മായിയമ്മയും മരുമകളും…. എന്നാൽ പ്രേക്ഷകരെ ചിരിപ്പിച്ച ആ അമ്മായിയമ്മ ഇനിയില്ല. കെപിഎസി ലളിത തനിക്ക് അമ്മയ്‌ക്ക് തുല്യമാണെന്ന് നടി മഞ്ജു പിള്ള പറയുന്നു.
സിനിമയ്‌ക്കപ്പുറവും എന്നും നല്ല ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു. അമ്മ മക്കളെ വഴക്ക് പറയും പോലെയാണ് വഴക്ക് പറഞ്ഞിരുന്നത്. ആദ്യം കാണുമ്പോൾ തന്നെ ‘ എന്റെ ശ്രീക്കുട്ടിയെ പോലെ തന്നെയുണ്ട്’ എന്ന് പറഞ്ഞുകൊണ്ട് സ്വന്തം മകളാക്കിയതാണ്. അവസാനമായി കാണുമ്പോഴും തന്നെ വഴക്ക് പറയാനായെങ്കിലും എഴുന്നേറ്റ് വാ അമ്മ എന്നാണ് പറഞ്ഞത്. തന്റെ ഭാഗ്യം കൊണ്ട് അവസാന നിമിഷത്തിലും തനിക്ക് അമ്മയ്‌ക്കൊപ്പം ഇരിക്കാൻ കഴിഞ്ഞു. അമ്മയുടെ വിയോഗം അത്രയേറെ വേദനിപ്പിക്കുന്നുവെന്നും മഞ്ജു പിള്ള പറഞ്ഞു.
നടിയുടെ മരണ വാർത്തയറിഞ്ഞ് മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖർ രാത്രി തന്നെ ആദരവർപ്പിക്കാൻ എത്തിയിരുന്നു. സംവിധായകൻ ബി. ഉണ്ണികൃഷണൻ, രചന നാരായണൻകുട്ടി, ദിലീപ്, കാവ്യ മാധവൻ, നാദിർഷാ, ബാബുരാജ്, ടിനി ടോം തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിച്ചു. മമ്മൂട്ടി, ഇടവേള ബാബു തുടങ്ങിയവർ ഇന്ന് രാവിലെ എത്തി.
കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കും. തൃശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദർശനമുണ്ടാകും.തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്‌ക്ക് കൊണ്ടുപോകും. വൈകീട്ട് വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും.
















Comments