വാഷിംഗ്ടൺ/ മോസ്‌കോ: യുക്രെയ്ൻ വിമത മേഖലയിലേക്ക് കടന്നുകയറിയ റഷ്യക്കെതിരെ കടുത്ത വാക്‌പോരുമായി അമേരിക്ക. എല്ലാ അന്താരാഷ്‌ട്ര നിയമങ്ങളും ലംഘിച്ച റഷ്യ ഇനി ആഗോളപ്രതിസന്ധിയാണ് നേരിടാൻ പോകുന്നതെന്നും ബൈഡൻ പറഞ്ഞു. ഇതിനിടെ തങ്ങളുടെ സുരക്ഷിതത്വം നോക്കാൻ അറിയാമെന്നും ഒരു രാജ്യവും വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന മറുപടിയുമായി പുടിൻ രംഗത്തെത്തി. റഷ്യയുടെ താൽപ്പര്യങ്ങളും സുരക്ഷിതത്വ നയങ്ങളും ഒത്തുതീർപ്പില്ലാത്തതാണ്. ബാഹ്യമായ ഒരു ഇടപെടലും തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും പുടിൻ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച മുതൽ യുക്രെയ്‌നിന്റെ അതിർത്തിയിലേക്ക് രണ്ടു ലക്ഷം സൈനികരെയാണ് പുടിൻ നിയോഗിച്ചത്. ഇതിന് പിന്നാലെയാണ് സൈനിക അഭ്യാസം മാത്രമായിരുന്നുവെന്നും സൈന്യത്തെ പിൻവലിക്കുന്നുവെന്നും പുടിൻ അറിയിച്ചത്. അമേരിക്ക യുക്രെയ്‌നിലെ വിഷയത്തിൽ ചർച്ചയ്‌ക്ക് തയ്യാറെടുക്കു ന്നതിനിടെ അതിനെ പുടിൻ സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാൽ രണ്ടു ദിവസം മുൻപാണ് അതിർത്തിയിലെ വിമത മേഖലാ സൈനികരെ ഉപയോഗപ്പെടുത്തി റഷ്യ നിഴൽ യുദ്ധം തുടങ്ങിയത്. തുടർന്ന് ഷെല്ലാക്രമണവും രൂക്ഷമായിരുന്നു.
ഇന്നലെ രാത്രിയോടെ വിമത മേഖലയിലേക്ക് റഷ്യൻ ഔദ്യോഗിക സൈന്യത്തെ പ്രവേശിപ്പിച്ചെന്ന വാർത്തായാണ് അമേരിക്കയെ ഉപരോധമടക്കമുള്ള നടപടിക ളിലേക്ക് നയിച്ചത്. അമേരിക്കയ്‌ക്ക് പുറമേ ബ്രിട്ടനും ജപ്പാനും ഓസ്‌ട്രേലിയയും ഉപരോധം തീരുമാനിച്ചു. റഷ്യയുമായി എണ്ണ പ്രകൃതിവാതക കരാറുള്ള ജർമ്മനി ഗ്യാസ്‌പൈപ്പ് ലൈൻ പണി നിർത്തിവച്ചാണ് റഷ്യയ്‌ക്ക് മറുപടി നൽകിയത്.
റഷ്യൻ സൈന്യം അതിർത്തികടന്നതോടെ ജനങ്ങളുടെ സൈനിക സേവനത്തെ യുക്രെയ്ൻ ആവശ്യപ്പെട്ടിരിക്കുകയാണ്. 18നും 60നും മദ്ധ്യേ പ്രായമായവർ ഒരു വർഷത്തേക്ക് രാജ്യസേവനത്തിനായി യുദ്ധരംഗത്തേക്ക് ഇറങ്ങാനാണ് നിർദ്ദേശം.
















Comments