ലക്‌നൗ: വോട്ട് ബാങ്കിങ്ങിന് വേണ്ടിയല്ലാതെ പ്രതിപക്ഷ പാർട്ടികൾ മുസ്ലീം സ്ത്രീകളുടെ ഉന്നമനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് മുന്നിൽ കണ്ട് മാത്രമാണ് പ്രതിപക്ഷ പാർട്ടികൾ പ്രവർത്തിച്ചത്. അതിനാൽ തന്നെ മുസ്ലീം സ്ത്രീകളുടെ യഥാർത്ഥ യാതന എന്തെന്ന് മനസിലാക്കി അതിന് അനുസരിച്ച് അവർക്ക് സഹായം നൽകാൻ ശ്രമിച്ചില്ലെന്ന് അദ്ദേഹം വിമർശിച്ചു. ഉത്തർപ്രദേശിലെ ബരബങ്കി ജില്ലയിലെ പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ കേന്ദ്ര സർക്കാർ മുസ്ലീം സ്ത്രീകളുടെ പ്രശ്‌നങ്ങൾ മനസിലാക്കി പ്രവർത്തിച്ചു. കാലങ്ങളായി അവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന മുത്തലാക്ക് എന്ന പ്രശ്‌നത്തിൽ നിന്ന് അവരെ മോചിതരാക്കിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.മുത്വലാഖിന്റെ പേരിൽ കാലങ്ങളായി സ്ത്രീകൾ ദു: ഖം അനുഭവിച്ചുകൊണ്ടിരുന്നു. മുത്തലാക്ക് ബിൽ അവതരിപ്പിച്ചതോടെ സ്ത്രീകൾക്ക് മോചനത്തിനുള്ള വഴി തുറന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരട്ട എഞ്ചിനുള്ള ഉത്തർപ്രദേശ് സർക്കാർ സ്ത്രീകളുടെ സുരക്ഷിതത്വവും മുല്യവും ഉയർത്തിപ്പിടിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലായ്‌പ്പോഴും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ അതിനായി പരിശ്രമിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2014 ൽ ജനങ്ങൾ അതിനൊരു അവസരം തന്നു, ആ ദിവസം മുതൽ അത് കൃത്യതയോടെ നിറവേറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വനിതാ പോലീസുകാരുടെ എണ്ണം 1.1 ലക്ഷത്തിൽ നിന്നും 2.25 ലക്ഷമാക്കി വർദ്ധിപ്പിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്ക് വേണ്ടി മാത്രമല്ല, രാജ്യത്തെ എല്ലാ ജനങ്ങൾക്ക് വേണ്ടിയും സർക്കാർ പ്രവർത്തിച്ചെന്ന് അദ്ദേഹം പറഞ്ഞു. ചെറുകിട കർഷകർക്കായി നിരവധി പദ്ധതികളാണ് കൊണ്ടു വന്നത്. പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതിയിലൂടെ ചെറുകിട കർഷകരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
















Comments