കണ്ണൂർ: കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങൾ ഏറെ ആഘോഷിച്ച വീഡിയോയാണ് ഒരു മുസ്ലീം സ്ത്രീയെ മുത്തപ്പൻ തെയ്യം ആശ്വസിപ്പിക്കുന്ന വീഡിയോ. സ്ത്രീയുടെ കഷ്ടതകളും വേദനകളും തിരിച്ചറിഞ്ഞ് ആശ്വാസവാക്കുകളുമായി സ്ത്രീക്കരികെ എത്തിയ മുത്തപ്പൻ തെയ്യത്തിന്റെ വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്.
കാസർകോട് വലിയ പറമ്പ് സ്വദേശിനി എംടി റംലത്താണ് വൈറൽ വീഡിയോയിലെ സ്ത്രീ. മുത്തപ്പൻ തെയ്യത്തെ കെട്ടിയാടിയതാകട്ടെ കണ്ണൂർ കരിവെള്ളൂർ വെള്ളച്ചാലിലെ സനിൽ പെരുവണ്ണാൻ എന്ന കാലാകാരനും. വീഡിയോ ഏറെ ചർച്ചയായതോടെ തന്റെ അനുഭവത്തെക്കുറിച്ച് വിവരിക്കുകയാണ് റംലത്ത്.
വീഡിയോ വൈറലായതോടെ കഷ്ടതകൾ തിരിച്ചറിഞ്ഞ് ഒരുപാട് പേർ സഹായിക്കാൻ എത്തി. എന്നാൽ ചില ഇടുങ്ങിയ ചിന്താഗതിക്കാർ തനിക്കെതിരെയും രംഗത്ത് വന്നിരുന്നുവെന്ന് റംലത്ത് വെളിപ്പെടുത്തി.
സാമ്പത്തികമായ ഏറെ ബുദ്ധിമുട്ടിലൂടെയാണ് കുടുംബം കടന്ന് പോകുന്നത്. രണ്ട് വർഷം മുൻപ് മുംബൈയിൽ ഹോട്ടൽ തൊഴിലാളിയായ ഭർത്താവ് കരീമിന് ജോലി നഷ്ടമായി. മൂന്ന് മക്കളടങ്ങുന്ന കുടുംബത്തിന് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ തന്നെ ഏറെ പ്രയാസം അനുഭവിക്കേണ്ടി വരുന്നു.
ഈ സങ്കടങ്ങളെല്ലാം കാരണമാണ് മുതപ്പൻ തെയ്യത്തെ കാണാൻ പോയതെന്ന് റംലത്ത് പറഞ്ഞു.മുത്തപ്പനെ കണ്ടതിന് ശേഷം നിരവധി പേർ സഹായവാഗ്ദാനങ്ങളുമായെത്തി.അതിൽ സന്തോഷമുണ്ട്. ചില ഇടുങ്ങിയ ചിന്താഗതിക്കാർ തനിക്കെതിരെ വന്നെന്നും റംലത്ത് പറയുന്നു. എന്നാൽ താൻ ഇതൊന്നും കാര്യമായി എടുക്കുന്നില്ലെന്ന് അവർ കൂട്ടിച്ചേർത്തു.
















Comments