മുത്തപ്പൻ ചിലർക്ക് ദൈവമാണ് , ചിലർക്ക് അത് വേറിട്ടൊരു അനുഭവവും . എന്തായാലും മുത്തപ്പനെ വണങ്ങാതെ വടക്കൻ കേരളത്തിന്റെ പ്രാർത്ഥനകൾ പൂർണ്ണമാകില്ല . അതിന് ഉദാഹരണമാണ് .
മുത്തപ്പനു മുമ്പിൽ ജാതി–മത വേർതിരിവുകൾ ഇല്ലെന്നും വേദനകളും കഷ്ടതകളും മാറി ജീവിതത്തിൽ നല്ല ദിനങ്ങൾ വരുമെന്നും പറഞ്ഞ് ഇസ്ലാം മതത്തിൽപ്പെട്ട സ്ത്രീയെ ആശ്വസിപ്പിക്കുന്ന മുത്തപ്പൻ തെയ്യത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മുത്തപ്പന്റെ അനുഗ്രഹം വാങ്ങിയതിന് ഒട്ടേറെ പഴികളാണ് റംലത്ത് എന്ന സ്ത്രീയ്‌ക്ക് കേൾക്കേണ്ടി വന്നത് .
കാസർഗോഡ് ചെറുവത്തൂർ പടന്ന കടപ്പുറത്തെ ബാലകൃഷ്ണന്റെ വീട്ടിൽവച്ചായിരുന്നു തെയ്യം. ഇതു കാണാനെത്തിയ മുസ്ലീം സ്ത്രീയെ മുത്തപ്പൻ അടുത്തേക്ക് വിളിക്കുകയും ആശ്വസിപ്പിക്കുകയുമായിരുന്നു. കണ്ണൂർ കരിവെള്ളൂർ വെള്ളച്ചാലിലെ സനിൽ പെരുവണ്ണാൻ ആണ് കേരളത്തിന്റെ ഹൃദയം തൊട്ട ഈ മുത്തപ്പൻ തെയ്യത്തെ കെട്ടിയാടിയത്.
‘ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ വീഡിയോ വന്നപ്പോഴാണ് ഞാൻ കണ്ടത്. ഫെയ്സ്ബുക്കിലും വൈറലായിരുന്നു. മുത്തപ്പന്റെ അടുത്ത് ആരു വന്നാലും ജാതി തിരിച്ചു വിളിക്കുകയോ മാറ്റി നിർത്തുകയോ ചെയ്യുന്ന സമ്പ്രദായം ഇല്ല. നിരവധിപ്പേർ സങ്കടം പറയാൻ വരാറുണ്ട്. പക്ഷേ ഇതുപോലെ ഒരു അനുഭവം ആദ്യമാണ് . കുറേ ആളുകൾ വിളിച്ചു. ആളുകൾ നല്ലത് പറഞ്ഞതിൽ സന്തോഷം. ഒരുപാട് തെയ്യങ്ങൾ ഉണ്ടെങ്കിലും മുത്തപ്പൻ തെയ്യത്തോട് ആളുകൾ സങ്കടം പറയുക. വടക്കൻ മലബാറിൽ ആളുകൾക്ക് ഏറ്റവും കൂടുതൽ അടുപ്പമുള്ള തെയ്യമാണ് ഇത്. വളരെ യാദൃച്ഛികമായാണ് ആ സ്ത്രീ അവിടേക്ക് വരുന്നത്. അവരുടെ വീട് അവിടെ അടുത്ത് എവിടെയോ ആണെന്നാണ് പറഞ്ഞു കേട്ടത്. ‘ സനിൽ പറയുന്നു.
മതാടിസ്ഥാനത്തിൽ മുത്തപ്പനെ കാണേണ്ട കാര്യമില്ലെന്നും അദ്ദേഹം പറയുന്നു . അച്ഛന്റെ പാത പിന്തുടർന്നാണ് സനിൽ തെയ്യം കലാകാരനായി മാറുന്നത്. ചിത്രകലാ അധ്യാപകനായി ജോലി നോക്കിയെങ്കിലും പിന്നീട് പാരമ്പര്യ തൊഴിലായ തെയ്യം കെട്ടലിലേയ്‌ക്കിറങ്ങുകയായിരുന്നു.
















Comments