ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അക്കൗണ്ടിൽ നിന്നും റഷ്യൻ ജനതയെ പിന്തുണയ്‌ക്കണമെന്ന് ആവശ്യപ്പെടുന്ന ട്വീറ്റും പ്രത്യക്ഷപ്പെട്ടു. ക്രിപ്‌റ്റോ കറൻസികൾ സംഭാവനയായി സ്വീകരിക്കുമെന്നും ട്വീറ്റിൽ പരാമർശിച്ചിരുന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ട്വീറ്റ് അക്കൗണ്ടിൽ നിന്നും നീക്കം ചെയ്ത് അക്കൗണ്ട് പുനഃസ്ഥാപിച്ചു.
”റഷ്യയിലെ ജനങ്ങളോടൊപ്പം നിൽക്കണം. ബിറ്റ്‌കോയിൻ, എതേറിയം എന്നീ ക്രിപ്‌റ്റോകറൻസികൾ സംഭാവനകളായി സ്വീകരിക്കും’ ഇതായിരുന്നു ട്വീറ്റിൽ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം ഹിന്ദിയിൽ തർജമ ചെയ്ത ട്വീറ്റും ഉണ്ടായിരുന്നു.
ശേഷം മറ്റൊരു ട്വീറ്റും പ്രത്യക്ഷപ്പെട്ടു. ‘ക്ഷമിക്കണം, എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. റഷ്യയ്‌ക്ക് സംഭാവന ചെയ്യാൻ ഞാനിവിടെയുണ്ട്. കാരണം അവർക്കിപ്പോൾ സഹായം അത്യാവശ്യമാണ്.’ ഇതായിരുന്നു രണ്ടാമത്തെ ട്വീറ്റ്.
യുക്രെയ്‌നിൽ റഷ്യയുടെ ആക്രമണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹാക്കിങ് സംഭവിച്ചിട്ടുള്ളത്. ഹാക്ക് ചെയ്യപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ ഉടൻ തന്നെ അക്കൗണ്ടുകളിൽ നിന്ന് എല്ലാ ട്വീറ്റുകളും നീക്കം ചെയ്തു. പിന്നാലെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു.
















Comments