കീവ്: റഷ്യയുടെ അധിനിവേശം നടക്കുന്ന യുക്രെയ്‌നിൽ നിന്നുളള അഭയാർത്ഥികളുടെ എണ്ണം നാല് ലക്ഷത്തോട് അടുക്കുന്നതായി ഐക്യരാഷ്‌ട്ര സഭ. യുഎൻ അഭയാർത്ഥി വിഭാഗം ഹൈക്കമ്മീഷണറാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ പുറത്തുവിട്ടത്. യുദ്ധം തുടങ്ങി നാല് ദിവസത്തിനുളളിലാണ് ഇത്രയം അഭയാർത്ഥികളെന്നതാണ് ഏറെ ഗൗരവകരം.
നിലവിലെ കണക്ക് പ്രകാരം 368,000 അഭയാർത്ഥികളാണ് ഉളളതെന്ന് യുഎൻ വ്യക്തമാക്കുന്നു. ഏതാനും മണിക്കൂറുകൾക്കുളളിൽ ഇത് നാല് ലക്ഷം കടക്കും. നഗരങ്ങളിൽ നിന്നും ടൗണുകളിൽ നിന്നുമാണ് കൂട്ടപ്പലായനം ഉണ്ടായിരിക്കുന്നത്. പോളണ്ടിലേക്കും യൂറോപ്യൻ യൂണിയനിലേക്കും കടക്കാനാണ് അഭയാർത്ഥികളിൽ മിക്കവരും ശ്രമിക്കുന്നത്. പോളണ്ട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ലിവിവ് റെയിൽവേ സ്‌റ്റേഷനിൽ അഭയാർത്ഥികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഒന്നര ലക്ഷത്തോളം പേർ ഇതിനോടകം പോളണ്ട് അതിർത്തി കടന്നതായി കണക്കുകൾ പറയുന്നു. 43,000 പേർ റൊമാനിയ അതിർത്തിയും കടന്നിട്ടുണ്ട്. ആക്രമണം മൂന്നാം ദിനം പിന്നിടുമ്പോൾ 210 യുക്രെയ്ൻ പൗരൻമാർ കൊല്ലപ്പെട്ടതായി സർക്കാർ ഓംബുഡ്‌സ്മാൻ ലിയൂഡ്മില ഡെനിസോവ വ്യക്തമാക്കി. ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അവർ പറഞ്ഞു.
തലസ്ഥാനമായ കീവിലെ വീടുകളിൽ നിന്നും പുരുഷൻമാർ ഒഴികെയുളളവരാണ് കൂടുതലും പലായനം ചെയ്യുന്നത്. പുരുഷൻമാർ റഷ്യയോട് പൊരുതാൻ ഇവിടെ തന്നെ നിൽക്കണമെന്നും ആയുധങ്ങൾ നൽകുമെന്നും യുക്രെയ്ൻ നേരത്തെ പ്രസ്താവിച്ചിരുന്നു.
















Comments