യുപി ഭരിച്ചത് എസ്പി സർക്കാരാണെങ്കിൽ കൊറോണ വാക്‌സിൻ ചന്തകളിൽ വിറ്റഴിച്ചേനെ: മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Published by
Janam Web Desk

ഗോരഖ്പൂർ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ, സമാജ്വാദി പാർട്ടിയുടെ നേതാക്കൾക്കെതിരെ അഴിമതി ആരോപണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എസ്പി നേതാക്കൾ അഴിമതിപ്പണം ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണെന്നും സംസ്ഥാന ഭരണം എസ്പിയുടെ കൈയ്യിൽ ആയിരുന്നുവെങ്കിൽ കൊറോണ വാക്‌സിൻ ചന്തകളിൽ വിറ്റഴിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവർക്ക് അത് ലഭിക്കില്ല. എല്ലാവർക്കും വാക്‌സിൻ ലഭിക്കുന്നുവെന്ന് തങ്ങൾ ഉറപ്പുവരുത്തിയതായും അദ്ദേഹം പറഞ്ഞു. ഗോരഖ്പൂരിൽ ഒരു പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടന്നത്. 12 ജില്ലകളിലെ 61 സീറ്റുകളിലേക്ക് മത്സരിക്കുന്ന 692 സ്ഥാനാർത്ഥികളുടെ വിധി ഇന്ന് നിശ്ചയിക്കും. എസ്പി അധികാരത്തിൽ ഇരുന്നപ്പോൾ സംസ്ഥാനത്ത് വരുത്തിയ വികസനങ്ങളുടെ ഒരുപട്ടിക തയ്യാറാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഖബർസ്ഥാൻ(ശ്മശാനം)പണിയുകയാണ് ഞങ്ങൾ ചെയ്തതെന്നായിരുന്നു അയാളുടെ മറുപടി.

നാല് ഘട്ട വോട്ടെടുപ്പിന് ശേഷം ബിജെപിക്ക് അനുകൂലമായ തരംഗമുണ്ടെന്നും കേവല ഭൂരിപക്ഷം ലഭിക്കുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശനിയാഴ്ച നേരത്തെ ബല്ലിയയിലും അംബേദ്കർ നഗറിലും മുഖ്യമന്ത്രി ആദിത്യനാഥ് റാലികൾ നടത്തിയിരുന്നു.

ഉച്ചയ്‌ക്ക് ഒരു മണി വരെ 34.83 ശതമാനം പോളിങ് രേഖപ്പെടുത്തി. വൈകിട്ട് ആറ് മണി വരെ വോട്ടെടുപ്പ് തുടരും. വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.

Share
Leave a Comment